തൃശൂര്‍- സിനിമ കാണാനെത്തുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ലോട്ടറി വ്യാപാരിയെ തീയെറ്റര്‍ നടത്തിപ്പുകാരനും ജീവനക്കാരും ചേര്‍ന്ന് കുത്തിക്കൊന്നു. മാപ്രാണം സ്വദേശിയായ രാജന്‍ (63) ആണ് കൊല്ലപ്പെട്ടത്. അടിപിടിക്കിടെ രാജന്റെ മരുമകനു പരിക്കേറ്റു. മാപ്രാണം വര്‍ണ തീയെറ്ററിനു സമീപം വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. തീയെറ്ററിനു അടുത്താണ് രാജന്റെ വീട്. വടിവാളും കത്തിയുമായി എത്തിയ തീയെറ്റര്‍ നടത്തിപ്പുകാരനും മൂന്ന് ജീവനക്കാരും ചേര്‍ന്ന് വീട്ടില്‍ കയറിയാണ് രാജനെ ആക്രമിച്ചത്. തീയെറ്ററിലെത്തുന്നവര്‍ തൊട്ടടുത്ത വഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനെ ചൊല്ലി ഇവിടെ നേരത്തെ പ്രശ്‌നമുണ്ടായിരുന്നു. രാജനും മരുമകന്‍ വിനുവും പാര്‍ക്കിങ്ങിനെതിരെ പരാതി ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവിലാണ്. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരംഭിച്ചു.