ലഖ്നൗ- നേപാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഉത്തര്‍ പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറില്‍ യുവാവിനെ റോഡിലിട്ട് ക്രൂരമായി മര്‍ദിച്ച രണ്ടു പോലീസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മര്‍ദനത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചതോടെ രണ്ട് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പോലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടന്നു വരികയാണ്. ട്രാഫിക് നിയമലംഘനം ആരോപിച്ചാണ് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്ന യുവാവിനെ പോലീസുകാര്‍ മര്‍ദിച്ചതെന്നാണ് സൂചന.
സബ് ഇന്‍സ്‌പെക്ടര്‍ വീരേന്ദ്ര മിശ്രയും ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര പ്രസാദും യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ആരോ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു. പോലീസുകാര്‍ നിലത്തു വീണ യുവാവിന്റെ മേലെ കയറി ഇരിക്കുകയും ചവിട്ടുകയും ചെയ്യുന്നു. മര്‍ദനത്തിനിടെ കുട്ടിയുടെ കൈക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയാണ് സംഭവം. വാഹന പരിശോധനയ്ക്കായി പോലീസുകാര്‍ ബൈക്ക് തടഞ്ഞു നിര്‍ത്തിയതിനെ തുടര്‍ന്നാണ് റിങ്കു പാണ്ഡെ എന്ന യുവാവും പോലീസുകാരും തമ്മില്‍ വാക്കേറ്റമുണ്ടായതെന്ന് പ്രാഥമിക റിപോര്‍ട്ടുകള്‍ പറയുന്നു. ബൈക്കിന്റെ ചാവി തട്ടിയെടുക്കാന്‍ പോലീസുകാര്‍ ശ്രമിച്ചെങ്കിലും വിട്ടു കൊടുക്കാന്‍ യുവാവ് തയാറായിരുന്നില്ല. ഇതോടെ മര്‍ദനം ക്രൂരമായി. തെറ്റ് എന്റേതാണെങ്കില്‍ ജയിലിലടക്കൂ എന്ന് യുവാവ് വിളിച്ചു പറയുന്നതും വിഡിയോയിലുണ്ട്. എന്താണ് താന്‍ ചെയ്ത തെറ്റെന്നും യുവാവ് ചോദിക്കുന്നുണ്ട്. യുവാവിന്റെ കൂടെ ഉണ്ടായിരുന്ന കുട്ടിയുടെ കണ്‍മുന്നിലിട്ടായിരുന്നു മര്‍ദനം. അതേസമയം യുവാവ് മദ്യപിച്ചിരുന്നുവെന്നാണ് പോലീസ് പോലീസ് ഭാഷ്യം.