മാനഭംഗത്തിനു ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ യുവതികള്‍ തെരുവില്‍ തല്ലിച്ചതച്ചു

ഭോപാല്‍- മധ്യപ്രദേശിലെ മഹേശ്വറില്‍ റെയ്ഡിനായി വീട്ടില്‍ കയറി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതികള്‍ ചേര്‍ന്ന് എക്‌സൈസ് സബ് ഇന്‍സ്‌പെക്ടറെ തെരുവിലിട്ട് പൊതിരെ തല്ലി. വ്യാജ മദ്യമുണ്ടോ എന്നു പരിശോധിക്കാന്‍ വെള്ളിയാഴ്ചയാണ് എക്‌സൈസ് വകുപ്പ് സംഘം വീട്ടിലെത്തിയത്. ഉദ്യോഗസ്ഥനു മര്‍ദനേമേല്‍ക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. വീട്ടുകാര്‍ എക്‌സൈസ് എസ്.ഐ മോഹന്‍ലാല്‍ ഭായലിനോട് തട്ടിക്കയറുന്നതാണ് വിഡിയോയുടെ തുടക്കം. ഇതിനിടെ തന്റെ മകളെ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് ഒരു സ്ത്രീ ഉദ്യോഗസ്ഥനെ അടിക്കാന്‍ തുടങ്ങി. കൂടെ ഉള്ളവരും ഇവരോടൊപ്പം ചേര്‍ന്ന് ഉദ്യോഗസ്ഥനെ അടിക്കുകയായിരുന്നു. ഉദ്യോഗസ്ഥന്‍ പുറത്തേക്കു പോകാതിരിക്കാന്‍ വീടിന്റെ പ്രധാന് വാതിലും അടച്ചിരുന്നു. വീട്ടിനകത്തിട്ട്് തല്ലിച്ചതച്ച ശേഷം യുവതി ഉദ്യോഗസ്ഥനെ കോളറില്‍ പിടിച്ച് തെരുവിലേക്ക് കൊണ്ടു വരുന്നതും വിഡിയോയിലുണ്ട്. ഇതിനെ യുവതിയെ അനുനയിപ്പിക്കാന്‍ ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നടന്നില്ല. തെരുവില്‍ മറ്റു ചിലരും കൂടി ചേര്‍ന്ന് ഉദ്യോഗസ്ഥനെ അടിച്ചു. സംഭവം കാണാന്‍ ഓടിക്കൂടിയ നാട്ടുകാര്‍ ഉദ്യോഗസ്ഥനെ തെറിവിളിച്ചു. കൂടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഈ രംഗങ്ങളെല്ലാം കണ്ട് അടുത്തുണ്ടായിരുന്നെങ്കിലും ഒരാള്‍ പോലും ഇടപെടാന്‍ ധൈര്യപ്പെട്ടില്ല. സംഭവം വൈറലായതോടെ യുവതി അടക്കം ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
 

Latest News