Sorry, you need to enable JavaScript to visit this website.

ശിരുവാണി പുകയുന്നു; കോയമ്പത്തൂരിൽ  മലയാളികൾക്കെതിരെ അക്രമമുണ്ടായേക്കും

പാലക്കാട്- ശിരുവാണി വെള്ളപ്രശ്‌നം നീറിപ്പുകയുന്നു, കോയമ്പത്തൂരിൽ മലയാളികൾക്കെതിരേ ആക്രമണം ഉണ്ടാകാനിടയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ശിരുവാണി അണക്കെട്ടിൽ പരമാവധി ജലനിരപ്പ് 45 അടിയായി പരിമിതപ്പെടുത്താനുള്ള കേരള സർക്കാരിന്റെ തീരുമാനമാണ് കോയമ്പത്തൂരിലെ ജനങ്ങളെ ക്ഷുഭിതരാക്കിയിരിക്കുന്നത്. 49.3 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ഒരു അണക്കെട്ടിലും പൂർണതോതിൽ വെള്ളം നിലനിർത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. ശിരുവാണിയിൽ 42.43 അടി വെള്ളം സംഭരിച്ച് നിർത്തിയാൽ മതിയെന്നാണ് നേരത്തേ കേരളം വാദിച്ചിരുന്നത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ഇരു സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ തമിഴ്‌നാടിന്റെ ആവശ്യമനുസരിച്ച് ഇത് 45 അടിയാക്കാൻ ധാരണയായി. എന്നാൽ പഴയതു പോലെ ശിരുവാണിയിൽ പരമാവധി ജലം സംഭരിക്കണമെന്നാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് ഓണത്തിന് തലേന്ന് കോയമ്പത്തൂരിൽ പതിനാല് സംഘടനകളുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞത് സംഘർഷാവസ്ഥ ഉണ്ടാക്കിയിരുന്നു.
ശിരുവാണി അണക്കെട്ട് കേരളത്തിലാണെങ്കിലും അതിലെ മുഴുവൻ വെള്ളവും തമിഴ്‌നാടിന് അവകാശപ്പെട്ടതാണ്. കോയമ്പത്തൂർ നഗരം കുടിവെള്ളാവശ്യത്തിന് പൂർണമായും ശിരുവാണി അണക്കെട്ടിനെയാണ് ആശ്രയിച്ചിരിക്കുന്നത്. ഡാമിലെ ജലനിരപ്പ് നാലടി കുറയുന്നത് നഗരത്തിൽ വേനൽക്കാലത്ത് വലിയ വെള്ളക്ഷാമം ഉണ്ടാക്കുമെന്ന പ്രചരണമാണ് വിവിധ സംഘടനകൾ നടത്തുന്നത്. ഫലത്തിൽ അത് കോയമ്പത്തൂരിലെ മലയാളി ജനതക്കെതിരായ സംഘം ചേരലായി മാറുകയാണ്. തന്തൈ പെരിയാർ ദ്രാവിഡ കഴകം, വിടുതലൈ ശിറുതൈകൾ കക്ഷി, ദ്രാവിഡതമിഴർ കക്ഷി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളും മലയാളി വിരുദ്ധ പ്രചരണത്തിന്റെ മുൻനിരയിൽ അണിചേർന്നിട്ടുണ്ട്. 
ഇരുസംസ്ഥാനങ്ങളും തമ്മിൽ വൈകാരിക വിഷയങ്ങളിൽ തർക്കം വരുന്ന സമയത്തെല്ലാം കോയമ്പത്തൂരിലെ മലയാളികൾ അരക്ഷിതാവസ്ഥ അനുഭവിക്കാറുണ്ട്. നഗരനിവാസികളിൽ മുപ്പത് ശതമാനത്തോളം മലയാളികളാണ്. പ്രശ്‌നമുണ്ടാകുമ്പോഴെല്ലാം പലരും കുടുംബാംഗങ്ങളെ നാട്ടിലേക്ക് അയക്കുകയാണ് പതിവ്. ഓണാവധിയായതിനാൽ ഇപ്പോൾ പലരും നാട്ടിലാണ്. അക്രമം ഒഴിവാക്കുന്നതിന് നഗരത്തിന്റെ പ്രശ്‌നസാധ്യതാ മേഖലകളിൽ പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.
 

Latest News