Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി സ്ഥാപനങ്ങളുടെ നെയിം ബോര്‍ഡ് തട്ടിപ്പ് കണ്ടെത്താന്‍ കര്‍ശന പരിശോധന

ആറ് മാസ സാവകാശം അവസാനിച്ചു 

ജിദ്ദ- വാണിജ്യ സ്ഥാപനങ്ങളുടെ നെയിം ബോർഡുകൾക്ക് ബാധകമാക്കിയ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്താൻ നാളെ മുതൽ കർശന പരിശോധന. ഉപയോക്താക്കൾ തട്ടിപ്പുകൾക്ക് ഇരയാകാതെ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വാണിജ്യ, നിക്ഷേപ മന്ത്രാലയവും മുനിസിപ്പൽ, ഗ്രാമ കാര്യമന്ത്രാലയവുമാണ് സംയുക്ത പരിശോധന ആരംഭിക്കുന്നത്. നെയിം ബോർഡുകൾ കുറ്റമറ്റതാക്കണമെന്നും വ്യവസ്ഥകൾ പാലിക്കണമെന്നും കാണിച്ച് രാജ്യത്തെ മുഴുവൻ വാണിജ്യ സ്ഥാപനങ്ങൾക്കും നൽകിയ ആറ് മാസത്തെ സാവകാശം അവസാനിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം.
ഉപയോക്താക്കളുടെ വിശ്വാസം ആർജിക്കുക, വെട്ടിപ്പുകളിൽനിന്നും വാണിജ്യ വഞ്ചനയിൽനിന്നും രക്ഷപ്പെടുത്തുക, ചില നാമങ്ങളും ട്രേഡ് മാർക്കുകളും വ്യാജമായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുക, പ്രശസ്തമായ സ്ഥാപനങ്ങളുടെയോ അതിന് സാദൃശ്യമായതോ ആയ പേരുകളിൽ പ്രവർത്തിക്കുന്ന ഷോപ്പുകൾ കണ്ടെത്തുക, ബോർഡുകൾക്ക് നിർണയിച്ച ഡിസൈൻ മാറ്റിയിട്ടില്ലെന്ന് ഉറപ്പിക്കുക എന്നിവയാണ് പരിശോധനയുടെ ഉദ്ദേശ്യം. 
ഇരു മന്ത്രാലയങ്ങളിലെയും വിദഗ്ധരായ ഉദ്യോഗസ്ഥർ അടങ്ങുന്ന സംയുക്ത സംഘം പരിശോധനക്ക് നേതൃത്വം നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 
സ്ഥാപനത്തിന് കൊമേഴ്‌സ്യൽ രജിസ്റ്ററിൽ നൽകിയ പേരോ രജിസ്റ്റർ ചെയ്ത മാർക്കോ (അടയാളം) ഉപയോക്താക്കൾക്ക് വ്യക്തമായി കാണാവുന്ന രൂപത്തിൽ ബോർഡിൽ രേഖപ്പെടുത്തിയിരിക്കൽ നിർബന്ധമാണെന്ന് മന്ത്രാലയങ്ങളും പ്രസ്താവനയിൽ ഓർമപ്പെടുത്തി. ബോർഡിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചെറിയ അക്ഷരത്തിലുള്ള ഏതെങ്കിലും എഴുത്ത് പാടില്ലെന്നും വ്യവസ്ഥയുണ്ട്. ട്രേഡ് നെയിമിൽ പ്രശസ്തമായ ഷോപ്പുകളുടെ ഭാഗമായാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ വലിയ അക്ഷരത്തിലുള്ള എഴുത്തുകളും പാടില്ലെന്നാണ് നിയമം. തങ്ങളുടേത് അല്ലാത്തതോ ഉപയോഗിക്കാൻ അവകാശമില്ലാത്തതോ ആയ ട്രേഡ് മാർക്കുകളും നെയിം ബോർഡിൽ അനുവദനീയമല്ല. 
നിയമലംഘനം സ്ഥിരീകരിച്ചാൽ 50,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും കുറ്റം ആവർത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് വാണിജ്യരംഗം ശക്തിപ്പെടുത്തുകയും അതുവഴി നിക്ഷേപകരെ ആകർഷിക്കുക എന്നതും തങ്ങൾ ലക്ഷ്യമിടുന്നതായി വാണിജ്യ, നിക്ഷേപ മന്ത്രാലയവും മുനിസിപ്പൽ, ഗ്രാമ കാര്യമന്ത്രാലയവും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Latest News