Sorry, you need to enable JavaScript to visit this website.

ഫേസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കുന്നുണ്ടോ; കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂദല്‍ഹി- ഫേസ്ബുക്ക്, വാട്‌സാപ്പ് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനും വാട്‌സാപ്പ് മെസേജുകളുടെ ഉറവിടം കണ്ടെത്താനും മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്നുദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് സുപ്രീം കോടതി. ഇതു സംബന്ധിച്ച് വിവിധ ഹൈക്കോടതിയിലിരിക്കുന്ന കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫേസ് ബുക്ക് നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി നടപടി. ഇക്കാര്യം അറിഞ്ഞ ശേഷം കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കുന്നതിന് മുമ്പായി ഇക്കാര്യം അറിയിക്കാനാണ് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. കേസിന്റെ പ്രധാന വിഷയത്തില്‍ ഇപ്പോള്‍ വാദം കേള്‍ക്കുന്നില്ലെന്നും പകരം കേസുകള്‍ ഇങ്ങോട്ട് മാറ്റണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റുന്നതില്‍ കേന്ദ്രസര്‍ക്കാറിന് എതിര്‍പ്പില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രിംകോടതിയെ അറിയിച്ചു. അതിനിടെ കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്ക് ആവശ്യത്തെ എതിര്‍ത്ത് തമിഴ്‌നാട് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.
സ്വകാര്യത മാനിക്കാത്ത കമ്പനിയാണ് ഫേസ്ബുക്കെന്നും വ്യക്തികളുടെ വിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് കൈമാറുന്നത് അവരുടെ രീതിയാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലാണ് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച കേസുകളുള്ളത്.

 

Latest News