ന്യൂദല്‍ഹി- ഇന്ത്യയില്‍ 16 കോടി ജനസംഖ്യ ഉണ്ടായിട്ടും മുസ്ലിം ന്യൂനപക്ഷം മാത്രം ഭയത്തില്‍ കഴിയുന്നത് എന്തുകൊണ്ടെന്ന് ചര്‍ച്ച ചെയ്യണമെന്ന് ആര്‍ എസ് എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷണ ഗോപാല്‍. ഇതിലും കുറവ് ജനസംഖ്യയുളള മറ്റു ന്യൂനപക്ഷങ്ങള്‍ സുരക്ഷിത ബോധത്തോടെ കഴിയുമ്പോള്‍ എന്തുകൊണ്ട് വലിയ ന്യൂനപക്ഷമായ മുസ്ലിംകള്‍ക്കിടയില്‍ മാത്രം അരക്ഷിത ബോധം നിലനില്‍ക്കുന്നുവെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാഴ്‌സി, ബുദ്ധ, ജൈന ന്യുനപക്ഷങ്ങള്‍ക്കിടയില്‍ ഇത്തരമൊരു ധാരണ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകം ഒരു കുടുംബമാണെന്നും എല്ലാവരും സന്തുഷ്ടരാകണമെന്നുമുള്ള തത്വങ്ങളില്‍ ഇന്ത്യ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നും പാക്കിസ്ഥാന്‍ പോലും അഭിവൃദ്ധിപ്പെടണമെന്നാണ് ആഗ്രഹമെന്നും ഗോപാല്‍ പറഞ്ഞു. ബുധനാഴ്ച ദല്‍ഹിയില്‍ സംഘടിപ്പിച്ച മുഗള്‍ രാജകുമാരന്‍ ദാര ഷിക്കോവിന്റെ സാംസ്‌കാരിക സംഭാവനകളെ കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണ ഗോപാല്‍.
ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത ദാര ഷിക്കോവ് ശരിയായ മുസ്ലിം ആയിരുന്നെന്നും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു സംസ്‌കാരിത്തിന്റെ മുഖമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉള്‍ക്കൊള്ളലും ഐക്യവും എല്ലാകാലത്തും ഇന്ത്യയുടെ സംസ്‌ക്കാരത്തിന്റെ അവിഭാജ്യഘടകമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ 16 കോടിയുള്ള മുസ്ലിംകള്‍ ഭയപ്പെടേണ്ടതില്ലെന്ന എഴുത്തുകാരന്‍ റാമിശ് സിദ്ധീഖിയുടെ ലേഖനം പരാമര്‍ശിച്ചാണ് മുസ്ലിംകളിലെ അരക്ഷിതാവസ്ഥയെ കുറിച്ച് ഗോപാല്‍ കൃഷ്ണ സംസാരിച്ചത്. 'അരലക്ഷത്തോളം പാഴ്‌സികള്‍ മാത്രമെ ഇന്ത്യയിലുള്ളൂ. 45 ലക്ഷത്തോളം ജൈനരും 80 ലക്ഷത്തോളം ബുദ്ധരും ഇവിടെയുണ്ട്. ജൂതര്‍ അയ്യായിരമെ വരുന്നുള്ളൂ. ഇവരൊന്നും അരക്ഷിത ബോധമുള്ളവരല്ല. 16 കോടിയുള്ള മുസ്ലിംകള്‍ എന്തിനു ഭയക്കണം? മുഗള്‍ ഭരണാധികാരി ഔറംഗസേബ് ഇത്തരമൊരു ചിന്താഗതി പ്രചരിപ്പിച്ചത് കൊണ്ടായിരിക്കാം ഇത്,' കൃഷ്ണ ഗോപാല്‍ പറഞ്ഞു.