തൃശൂർ- ചാലക്കുടിയിൽ നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് മൾട്ടിപ്ലെക്‌സ് തിയേറ്റർ വീണ്ടും ഭൂമി വിവാദത്തിൽ. സർക്കാർ ഭൂമി കൈയേറിയാണ് ഡി-സിനിമാസ് ചാലക്കുടി പുഴയോരത്ത് നിർമ്മിച്ചതെന്ന ആരോപണം നേരത്തെ ഉയരുകയും ഇതേക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണം നടത്തുകയും ചെയ്തതാണ്. അന്ന് മുകളിൽനിന്നുള്ള ഉന്നതരുടെ ഇടപെടൽ അന്വേഷണത്തിലുണ്ടായെന്ന് ആക്ഷേപമുയർന്നിരുന്നു. ഇപ്പോൾ കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പോലീസ് അറസ്റ്റു ചെയ്തതോടെയാണ് വീണ്ടും ഡി-സിനിമാസ് ഭൂമി വിവാദം അന്വേഷണ വിധേയമാകുന്നത്. ഭൂമി കൈയേറ്റം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ റവന്യൂ മന്ത്രിയുടെ ഓഫീസ് തൃശൂർ ജില്ലാ കലക്ടറോട് അടിയന്തരമായി നിർദ്ദേശിച്ചിട്ടുണ്ട്. ഫാക്‌സ് സന്ദേശം മുഖേനെയാണ് ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയത്.
ചാലക്കുടി പുഴയോരത്തെ ഒരേക്കർ ഭൂമി ആഡംബര സിനിമ സമുച്ചയമായ ഡി-സിനിമാസ് മൾട്ടിപ്ലെക്‌സ് നിർമ്മിക്കാനായി കൈയേറിയെന്നാണ് ആരോപണം.
സംസ്ഥാന രൂപീകരണത്തിനു മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമ്മിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലമാണ് 2005 ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയതത്രേ. എന്നാൽ ഈ ഭൂമി നേരിട്ടു ദിലീപിന്റെ കൈവശം വന്നതല്ലെന്നും സ്ഥലം വിഭജിച്ച് എട്ടു പേരുകളിൽ ആധാരം ചെയ്ത ശേഷം ഒരുമിച്ച് ദിലീപ് വാങ്ങുകയുമായിരുന്നുവെന്നും പറയുന്നു. ഭൂമി പോക്കുവരവു ചെയ്യാൻ റവന്യൂ രേഖകളിൽ ക്രമക്കേട് നടന്നതായ സംശയവും ഉയർന്നിട്ടുണ്ട്.
ലാൻഡ് റവന്യൂ കമ്മീഷണർ രണ്ടു വർഷം മുമ്പ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അതിന് കാര്യമായ ഫലമുണ്ടായില്ല. ജില്ലാ ഭരണകൂടം അന്ന് അന്വേഷണവുമായി മുന്നോട്ടു പോയപ്പോൾ ഒരു മന്ത്രി ഇടപെട്ട് അന്വേഷണം തടഞ്ഞെന്നും ആരോപണമുണ്ട്. തുടർന്ന് കലക്ടർ നൽകിയ റിപ്പോർട്ട് ദിലീപിന് അനുകൂലമായിട്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. സർക്കാർ പുറമ്പോക്കില്ലെന്ന സത്യവാങ്മൂലവും അന്നത്തെ കലക്ടർ നൽകിയിരുന്നു.
കലാഭവൻ മണിക്കും ഡി-സിനിമാസിൽ നിക്ഷേപമുണ്ടായിരുന്നതായി പുതിയ സൂചനകൾ പുറത്തു വന്നിട്ടുണ്ട്. ഉടമസ്ഥാവകാശം സംബന്ധിച്ച് മണിയും ദിലീപും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായെന്ന കഥയും പരക്കുന്നുണ്ട്. ഡി-എം സിനിമാസ് എന്നാണ് ആദ്യം പേരിടാൻ നിശ്ചയിച്ചതെന്നും പിന്നീടത് ഡി എന്നായി ചുരുങ്ങുകയായിരുന്നെന്നും പറയപ്പെടുന്നു. ഏതായാലും ദിലീപ് അറസ്റ്റിലായതോടെ ഡി-സിനിമാസും അകപ്പെട്ടിരിക്കുകയാണ്.






