മധുരക്ക് സമീപം വാഹനാപകടം; മലപ്പുറം സ്വദേശികളടക്കം അഞ്ച് മരണം

മലപ്പുറം- തമിഴ്‌നാട് മധുര വാടിപ്പട്ടില്‍ കാറുകളും ബൈക്കും കൂട്ടിയിടിച്ച് നാല് മലപ്പുറം സ്വദേശികളടക്കം അഞ്ച് പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. മലപ്പുറത്തുനിന്ന് ഏര്‍വാടിയിലേക്ക് പോയ മലയാളി കുടുംബമാണ് അപകടത്തില്‍ പെട്ടത്.  കാറിലുണ്ടായിരുന്ന പേരശനൂര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദലിയുടെ ഭാര്യ റസീന (39), മകന്‍ ഫസല്‍ (21), മകള്‍ സഹന (ഏഴ്), കുറ്റിപ്പുറം മൂടാല്‍ സ്വദേശി ഹിളര്‍ (47), ബൈക്ക് യാത്രക്കാരനായ തമിഴ്‌നാട് ദിണ്ടിഗല്‍ സ്വദേശി പഴനിച്ചാമി (41) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് വാടിപ്പട്ടിക്ക് സമീപം ദേശീയപാതയിലായിരുന്നു അപകടം. കാര്‍ യാത്രക്കാരി സിസാനക്ക് (18) ഗുരുതര പരിക്കേറ്റു. ആന്ധ്രയിലേക്കുള്ള കാറിലുണ്ടായിരുന്ന സഞ്ജിത (22), പ്രവീണ്‍ (14), കിരണ്‍ (എട്ട്), ബൈക്ക് യാത്രക്കാരനായ പാണ്ടിദുരൈ (46) എന്നിവര്‍ക്കും പരിക്കുണ്ട്. ഇവരെ മധുര, ദിണ്ടിക്കല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഏര്‍വാടിയിലേക്ക് പോയ റസീനയും കുടുംബം സഞ്ചരിച്ച കാര്‍ അമിത വേഗതയിലെത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.  അപകടത്തില്‍പ്പെട്ട കാറിന് പിറകില്‍ ബൈക്കിടിച്ചാണ് ഒരാള്‍ മരിച്ചത്. മൃതദേഹങ്ങള്‍ ദിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ്.

 

Latest News