കൊച്ചി മെട്രോയില്‍ വ്യാഴാഴ്ച  ഒരു ലക്ഷത്തിലേറെ യാത്രക്കാര്‍ 

കൊച്ചി-കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്. വ്യാഴാഴ്ച മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.
സര്‍വീസ് തുടങ്ങിയശേഷം ഒരു ദിവസം ഇത്രയും പേര്‍ യാത്രചെയ്യുന്നത് ആദ്യമായിയാണ്. മഹാരാജാസ് - തൈക്കൂടം സര്‍വീസ് ആരംഭിച്ചശേഷം മെട്രോയില്‍ കയറിയത് 6.7 ലക്ഷം യാത്രക്കാരാണ്. പ്രതിദിന സര്‍വീസില്‍ മെട്രോ പ്രവര്‍ത്തന ലാഭത്തിലായി.
കഴിഞ്ഞ ഏഴാം തീയതി രേഖപ്പെടുത്തിയ 99,680 യാത്രക്കാരുടെ റെക്കോഡാണ് ഇതോടെ മറികടന്നത്. മെട്രോ ഉദ്ഘാടനം ചെയ്തിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായ 2017 ജൂണ്‍ 26ന് 98,310 പേര്‍ മെട്രോയില്‍ യാത്ര ചെയ്തിരുന്നു. ആലുവയില്‍ നിന്നും മഹാരാജാസ് വരെ സര്‍വീസ് നടത്തിയിരുന്ന സമയത്ത് 40,000 ആയിരുന്നു പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം.
നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കും, നിശ്ചിത ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന യാത്രാ നിരക്കിലെ ഇളവുമാണ് യാത്രക്കാരെ മെട്രോയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. എറണാകുളംസൗത്ത്, വൈറ്റില എന്നിങ്ങനെ തിരക്കുള്ള കേന്ദ്രങ്ങളിലേക്ക് മെട്രോ എത്തിയതും യാത്രക്കാര്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഈ മാസം 18 വരെ ടിക്കറ്റ് നിരക്കില്‍ 50% ഇളവും 25 വരെ സൗജന്യ പാര്‍ക്കിങ്ങും കൊച്ചി മെട്രോ അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News