ലശ്കറും ഐ.എസും ഔറംഗസേബിന്റെ അനുയായികളെന്ന് മന്ത്രി നഖ്‌വി

ന്യൂദല്‍ഹി- മുഗള്‍ ഭരണാധികാരി ഔറംഗസേബ് പിന്തുടര്‍ന്ന തത്വശാസ്ത്രമാണ് പില്‍ക്കാലത്ത് അല്‍ ഖാഇദ, ലശ്കറെ തയ്യിബ, ഐ.എസ് തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് ജന്മം നല്‍കിയതെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. മുഗള്‍ രാജകുമാരന്‍ ദാര ഷികോഹിന്റെ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരാ ഷികോഹ്  ദേശീയതയുടെ പര്യായമായിരുന്നെങ്കില്‍ സഹോദരന്‍ ഔറംഗസേബ് ഭീകരതയുടെ പ്രതീകമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഹിംസയും അടിച്ചമര്‍ത്തലും മാത്രം പിന്തുടര്‍ന്ന ഔറംഗസേബിനെ മതാന്ധന്മാരും ചില ഇടതുരാഷ്ട്രീയക്കാരും മതേതര ചരിത്രകാരന്മാരും മികച്ച ഭരണാധികാരിയായി വാഴ്ത്തുകയാണ്. മാനുഷിക മൂല്യങ്ങളും സംസ്‌കാരവും നശിപ്പിക്കുകയാണ് ഔറംഗസേബ് ചെയ്തത്. അതേ ചിന്താഗതിയാണ് ഇന്നത്തെ ഭീകരസംഘടനകളും നടപ്പിലാക്കുന്നത്- നഖ്‌വി പറഞ്ഞ.
കഴിഞ്ഞ മോഡി സര്‍ക്കാരിന്റെ കാലത്ത് ദല്‍ഹിയിലെ ഡല്‍ഹൗസി റോഡിനെ ദാരാ ശികോഹി റോഡ് എന്നും ഔറംഗസേബ് റോഡിനെ എ.പി.ജെ അബ്ദുള്‍ കലാം റോഡെന്നും പുനര്‍നാമകരണം ചെയ്തു.  ഷാജഹാന്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമിയാവേണ്ടിയിരുന്ന ദാരയെ ഔറംഗസേബ് വധിക്കുകയായിരുന്നു.
ദാര ഒരു നല്ല മുസ് ലിമായിരുന്നുവെന്നും എല്ലാ മതങ്ങളേയും ആശയങ്ങളേയും ഉള്‍ക്കൊള്ളുന്ന വ്യക്തിത്വമായിരുന്നെന്നും ആര്‍.എസ്.എസ് നേതാവ് കൃഷ്ണഗോപാല്‍ അഭിപ്രായപ്പെട്ടു. ബി.ജെ.പിയും ആര്‍.എസ്.എസും ഇന്ത്യയുടെ മതേതരഘടന തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രചാരണം നടത്തുന്നവര്‍ക്കാണ് അത്തരം പ്രവൃത്തികളുടെ ചരിത്രമുള്ളതെന്ന് കൃഷ്ണ ഗോപാല്‍ ആരോപിച്ചു. രാജ്യത്ത് മുസ്്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

Latest News