Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അതിർത്തിയിൽ വീണ്ടും വെടിവെപ്പ്; ഇന്ത്യൻ ഭടൻ കൊല്ലപ്പെട്ടു

ശ്രീനഗർ- ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാനി സൈനികർ നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. രജൗരി സെക്ടറിൽ ഇന്നലെ ഉച്ചക്കാണ് സംഭവം. വെടിനിർത്തൽ ലംഘിച്ച് പ്രകോപനമില്ലാതെ പാക് സേന നടത്തിയ വെടിവെപ്പിൽ ലാൻസ് നായിക് മുഹമ്മദ് നസീറാണ് കൊല്ലപ്പെട്ടത്.  
രജൗരി സെക്ടറിൽ ഉച്ചക്ക് ഒന്നരയോടെയാണ് പാക് സേന നിറയൊഴിച്ചതെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. ഇന്ത്യൻ സേന ഫലപ്രദമായി തിരിച്ചടിച്ചതായും അദ്ദേഹം പറഞ്ഞു. പൂഞ്ച് ജില്ലയിലെ അജൗട്ട് സ്വദേശിയാണ് വീരമൃത്യു വരിച്ച ലാൻസ് നായിക് നസീർ.  മറ്റൊരു സംഭവത്തിൽ ലാറൂ ജില്ലയിൽ പോലീസിനും സി.ആർ.പി.എഫിനും നേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തി. ഒരു സി.ആർ.പി.എഫ് ഭടന് പരിക്കേറ്റു. പിടികൂടിയ യുവാവ് കുറ്റം സമ്മതിച്ചുവെന്നും കുൽഗാം പോലീസിനു കൈമാറിയെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 
വടക്കൻ കശ്മീരിലെ കെരാൻ സെക്ടറിൽ ജൂലൈ 12 ന് പാക് സൈനികരുടെ ആക്രമണത്തിൽ രണ്ട് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. 
ജൂലൈ എട്ടിന് പാക് സേന നടത്തിയ വെടിനിർത്തൽ ലംഘനത്തിൽ രണ്ട് സിവിലിയന്മാർ കൊല്ലപ്പെടുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.  കഴിഞ്ഞ മാസം പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് 23 വെടിനിർത്തൽ ലംഘനങ്ങളും ഒരു ബാറ്റ് ആക്രമണവും രണ്ടു നുഴഞ്ഞു കയറ്റ ശ്രമവുമാണ് റിപ്പോർട്ട് ചെയ്തത്. മൂന്ന് ജവാന്മാരടക്കം നാല് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.  അതിനിടെ ഈ വർഷം ഇതവരെ ഇന്ത്യ 542 വെടിനിർത്തൽ ലംഘനങ്ങൾ നടത്തിയെന്നും 18 പേർ കൊല്ലപ്പെട്ടുവെന്നും പാക്കിസ്ഥാൻ ആരോപിച്ചു. ഇന്ത്യ മേഖലയിലെ സുരക്ഷക്കും സമാധാനത്തിനും ഭീഷണി ഉയർത്തുകയാണെന്ന് പാക് വിദേശ മന്ത്രാലയ വക്താവ് നഫീസ് സക്കരിയ കുറ്റപ്പെടുത്തി.
 

Latest News