Sorry, you need to enable JavaScript to visit this website.

ഭീകരസംഘടനയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കോടികള്‍ ചെലവഴിച്ചെന്ന് പാക് മന്ത്രി

ഇസ്‌ലാമാബാദ്- ഭീകരവാദ സംഘടനയായ ജമാഅത്തുദ്ദഅ്‌വയെ(ജെ.യു.ഡി) മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് കോടിക്കണക്കിനു രൂപ ചെലവഴിച്ചതായി പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി.  ദേശീയ ടെലിവിഷന്‍ ചാനലായ ഹം ന്യൂസിന്റെ ടോക് ഷോയിലാണ് ആഭ്യന്തരമന്ത്രി ബ്രിഗേഡിയര്‍ ഇജാസ് അഹമ്മദ് ഷാ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍ കോടികളാണ് ഭീകരവാദ സംഘടനയെ മുഖ്യധാരയുടെ ഭാഗമാക്കാന്‍ ചെലവഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു.  നിരോധിത സംഘടനയിലെ അംഗങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ രാജ്യത്ത് ഭീകരരും തീവ്രവാദികളുമുണ്ടെന്ന് സമ്മതിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലും കശ്മീരിലും പരിശീലനം നേടിയ 30,000 മുതല്‍ 40,000 വരെ തീവ്രവാദികള്‍ രാജ്യത്തുണ്ടെന്നാണ് ഇംറാന്‍ ഖാന്‍  വെളിപ്പെടുത്തിയത്.  
തന്റെ സര്‍ക്കാര്‍ വരുന്നതിനു മുമ്പുള്ള സര്‍ക്കാരുകള്‍ക്ക് പാക്കിസ്ഥാനിലെ ഭീകരവാദത്തെ തുടച്ചുനീക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാക് അതിര്‍ത്തിയില്‍ 40  ഭീകര സംഘടനകള്‍ പ്രര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ സമ്മതിച്ചിരുന്നു.
അതേസമയം, പാരീസ് ആസ്ഥാനമായ ഫിനാന്‍ഷ്യല്‍ ആക്്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) യോഗം അടുത്ത മാസം നടക്കാനിരിക്കെ, പാക് മന്ത്രിയുടെ പ്രസ്താവന മുഖം രക്ഷിക്കാനുള്ള നടപടിയാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നേടുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടുവെന്നും ടോക്ക് ഷോക്കിടെ പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി സമ്മതിച്ചു.
ഇംറാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള ഭരണ വര്‍ഗം രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുകയാണെന്നും ഇജാസ് അഹ് മദ് ഷാ കുറ്റപ്പെടുത്തുന്നുണ്ട്. കശ്മീരിനുള്ള പ്രത്യേക പദവി നീക്കിയശേഷം കശ്മീരിനെ ഭൂമിയിലെ ഏറ്റവും വലിയ ജയിലാക്കി മാറ്റിയെന്ന് ജനീവയില്‍ യു.എന്‍. മനുഷ്യാവകാശ സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ് മൂദ് ഖുറേഷി ആരോപിച്ചിരുന്നു.

 

Latest News