Sorry, you need to enable JavaScript to visit this website.

അവസാനിക്കാത്ത  പോരാട്ടങ്ങൾ

അവകാശ നിഷേധങ്ങളുടെ ചരിത്രം മാത്രമേ ആദിവാസികൾക്ക് പറയാനുള്ളൂ. സ്വാതന്ത്ര്യത്തിനു ശേഷം ജനാധിപത്യ സർക്കാരുകൾ അധികാരത്തിലെത്തിയിട്ടും ഒരു ജനതയെന്ന നിലയിൽ ആദിവാസികളുടെ പ്രശ്‌നങ്ങൾ പഠിക്കാനോ പരിഹരിക്കാനോ ഉള്ള നീക്കങ്ങൾ നടന്നില്ല. ഇന്നും അതിജീവന പോരാട്ടത്തിന്റെ പാതയിലാണവർ.

കേരളത്തിലെ ആദിവാസികളുടെ അതിജീവനത്തിനായുള്ള പോരാട്ടങ്ങൾ തുടരുകയാണ്. കൊളോണിയൽ കാലത്തു തന്നെ ആരംഭിച്ച പോരാട്ടം ഓരോ കാലഘട്ടത്തിലും രൂക്ഷമാകുകയാണ്. സ്വാതന്ത്ര്യത്തിനു ശേഷം ജനാധിപത്യ സർക്കാരുകൾ അധികാരത്തിലെത്തിയിട്ടും ഒരു ജനതയെന്ന നിലയിൽ ആദിവാസികളുടെ പ്രശ്‌നങ്ങൾ പഠിക്കാനോ പരിഹരിക്കാനോ ഉള്ള നീക്കങ്ങൾ നടന്നില്ല. പകരം പലപ്പോഴുമവരെ കർഷക തൊഴിലാളികളായാണ് കണ്ടത്. കേരളത്തിൽ ശക്തമായ കമ്യൂണിസ്റ്റ് ചിന്താഗതിയനുസരിച്ചും വർഗസമര സിദ്ധാന്തമനുസരിച്ചും അങ്ങനെയേ നടക്കുമായിരുന്നുള്ളൂ.
വർഗീസിന്റെ കാലം മുതൽ നക്‌സലൈറ്റുകളുടെ നേതൃത്വത്തിലാണ് പ്രധാനമായും ഭൂമിക്കായുള്ള ആദിവാസി പോരാട്ടങ്ങൾ. പിന്നീട് സി.കെ ജാനുവിന്റെ വരവോടെയാണ് സ്വന്തം അസ്തിത്വത്തിൽ അവർ പോരാട്ട രംഗത്തിറങ്ങിയതും കുടിൽ കെട്ടി സമരം, മുത്തങ്ങ, നിൽപു സമരം തുടങ്ങിയ ഐതിഹാസിക സമരങ്ങൾ നടന്നതും. തീർച്ചയായും ചില നേട്ടങ്ങൾ ആ സമരങ്ങൾ കൊണ്ടുണ്ടായി. എന്നാൽ അതോടെ ഒരു വശത്ത് സി.പി.എമ്മും മറുവശത്ത് മാവോയിസ്റ്റുകളും ഈ മേഖലയിൽ പ്രവർത്തനമാരംഭിച്ചതോടെ അവരുടെ സംഘടിത ശേഷി കുറഞ്ഞു. എങ്കിലും മനുഷ്യരായി ജീവിക്കാനുള്ള അവരുടെ പോരാട്ടം തുടരുകയാണ്. 
വിവിധ ആവശ്യങ്ങളുന്നയിച്ച് ഒരു വിഭാഗം ആദിവാസികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. പ്രളയാനന്തര പുനരധിവാസ ഫണ്ട് തങ്ങളെ സ്വന്തം ആവാസ വ്യവസ്ഥയിൽനിന്ന്  കുടിയിറക്കാൻ ഉപയോഗിക്കുന്ന വനം വകുപ്പ് നടപടിക്കെതിരെയാണ് പ്രധാനമായും മാർച്ച്. പട്ടികവർഗ വകുപ്പിന്റെ നിയന്ത്രണം വനം വകുപ്പ് തലവൻ ഏറ്റെടുത്തതോടെ നിരവധി ആദിവാസി വിരുദ്ധ നടപടികളാണ് തുടർന്നു വരുന്നതെന്ന് മാർച്ചിനു മുൻകൈയെടുക്കുന്ന സംഘടനകൾ ആരോപിക്കുന്നു. അത് വനാവകാശ നിയമം ദുർബലപ്പെടുത്തുന്നതിനും ആദിവാസികളെ വനത്തിൽനിന്നു കുടിയിറക്കുന്നതിനും ആദിവാസി വികസനത്തിനായുള്ള ഫണ്ട് ദുർവിനിയോഗം ചെയ്യുന്നതിനും കാരണമായി. 
കൊളോണിയൽ കാലഘട്ടം മുതൽ വിദേശ ശക്തികൾ വനവിഭവങ്ങൾ കൊള്ളയടിക്കുന്നതിന്റെ ഭാഗമായി ആദിവാസികളുടെ വനാവകാശം നിഷേധിക്കപ്പെട്ടു വന്നിരുന്നു. അതിന് പരിഹാരം കാണാനാണ് വനാവകാശ നിയമം പാസാക്കിയത്. ആദിവാസികൾക്ക് നീതി ഉറപ്പു വരുത്താൻ വനാവകാശ നിയമത്തിന്റെ 'നോഡൽ' ഏജൻസിയായി പട്ടികവർഗ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയത്. എന്നാൽ വനാവകാശ നിയമം ദുർബലപ്പെടുത്താൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പദവിയിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥനെ പട്ടികവർഗ വകുപ്പ് ഡയറക്ടറായി നിയമിക്കുകയായിരുന്നു. 
വനം വകുപ്പിന്റെ താൽപര്യങ്ങളാണ് ഇപ്പോൾ പട്ടികവർഗ വകുപ്പ് ഭരണത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് മാർച്ചിനു നേതൃത്വം നൽകുന്ന എം. ഗീതാനന്ദൻ പറയുന്നു. 
അറുപത്താറ് ലക്ഷം ആദിവാസികൾ ദേശീയ തലത്തിൽ കുടിയിറക്കപ്പെടുന്ന സാഹചര്യവും നിലനിൽക്കുന്നു. അതിനെതിരായി നിയമ നടപടിയെടുക്കാൻ കേരളം തയാറാവുന്നില്ല. വനം സ്വകാര്യവൽക്കരിക്കാനും വനാവകാശം ദുർബലപ്പെടുത്താനും മഴു, കോടാലി തുടങ്ങിയവയുമായി കാട്ടിൽ കാണുന്ന ആദിവാസികളെ  വെടിവെച്ചു കൊല്ലാനും വനം വകുപ്പുദ്യോഗസ്ഥർക്ക്  അധികാരം നൽകുന്ന വന നിയമ ഭേദഗതിക്ക് കേന്ദ്ര സർക്കാർ തയാറെടുക്കുകയാണ്. കേരള  സർക്കാരും വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ താൽപര്യം സംരക്ഷിക്കുന്ന തരത്തിൽ മാത്രമാണ് ആദിവാസി വനാവകാശ നിയമം നടപ്പാക്കുന്നത്. വ്യക്തിഗത വനാവകാശം മൂന്നിലൊന്ന് ഭാഗത്തിന് മാത്രമേ നൽകിയിട്ടുള്ളൂ. സാമൂഹിക വനാവകാശം നടപ്പാക്കാൻ ഒരു നടപടിയും പട്ടികവർഗ വകുപ്പിൽനിന്നു ഉണ്ടായിട്ടില്ല. 
പകരം, 'സ്വയം സന്നദ്ധ പുനരധിവാസ' പദ്ധതിയനുസരിച്ച് 700 ഓളം ആദിവാസികളെ വനത്തിൽ നിന്നു കുടിയിറക്കാനുള്ള പദ്ധതിയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ കുടിയിറക്കിന് പണം നൽകാത്തതിനാൽ പട്ടികവർഗ വികസനത്തിനും ആദിവാസി പുനരധിവാസത്തിനുമുള്ള കോടിക്കണക്കിന് രൂപ ഡയറക്ടർ പദവിയിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥൻ ദുരുപയോഗം ചെയ്യുകയാണ്. കൂടാതെ ഇതിനായി പ്രളയാനന്തര പുനരധിവാസത്തിനുള്ള ഫണ്ടിൽനിന്നു റീബിൽഡ് കേരളയിൽനിന്നു 105 കോടി രൂപക്കുള്ള അംഗീകാരവും ധനകാര്യ വകുപ്പിൽനിന്നു നേടിയെടുത്തിട്ടുണ്ട്. നൂറുകണക്കിന് ആദിവാസി കുടുംബങ്ങൾ പ്രളയവും ഉരുൾപൊട്ടലും മൂലം വാസസ്ഥലം നഷ്ടപ്പെട്ടപ്പോഴാണ്, ഉള്ള ഭൂമിയിൽനിന്നും വനത്തിൽനിന്നും കുടിയിറക്കാൻ 105 കോടി രൂപ സർക്കാർ നൽകുന്നത്. ഇത് കൂടാതെ 200 കോടി രൂപ കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. 
മറുവശത്ത് ഈ വർഷത്തെ പ്ലസ് വൺ അലോട്ട്‌മെന്റിൽ പട്ടികവർഗ വിഭാഗക്കാരുടെ 16,000 ത്തിലധികം സംവരണ സീറ്റുകൾ ഉന്നത ജാതിക്കാർക്ക്  സർക്കാർ നിയമ വിരുദ്ധമായി കൈമാറി. പ്രതിവർഷം 1000 ത്തിലധികം പട്ടികവർഗ വിദ്യാർഥികൾക്ക് വയനാട് ജില്ലയിൽ മാത്രം  പ്ലസ് വൺ സീറ്റ് നിഷേധിക്കപ്പെടുമ്പോഴാണിത്. 
ഈ സാഹചര്യത്തിലാണ് വനാവകാശം സംരക്ഷിക്കാൻ, വനംവകുപ്പ് ഉദ്യോഗസ്ഥനെ പട്ടികവർഗ വകുപ്പ് ഡയറക്റ്റർ സ്ഥാനത്തുനിന്നു മാറ്റുക, പട്ടികവർഗ വിദ്യാർഥികളുടെ 16,500 ഓളം പ്ലസ് വൺ സീറ്റ് വക മാറ്റിയ നടപടിയെക്കുറിച്ച് അന്വേഷിക്കുക, സാമ്പത്തിക സംവരണ നിയമം റദ്ദാക്കുക, പെസ നിയമം നടപ്പാക്കുക, മൂന്നാറിലെ പട്ടികവർഗ ഹോസ്റ്റൽ സംരക്ഷിക്കുക, പ്രളയാനന്തര പുനരധിവാസത്തിനായി ആദിവാസി പുനരധിവാസ മിഷൻ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്ഭവൻ മാർച്ച് നടത്തുന്നത്. 
ഇനിയെങ്കിലും ഭൂമിയുടെ യഥാർഥ അവകാശികളായ ആദിവാസികളുടെ പോരാട്ടത്തോട് ഐക്യപ്പെടാൻ പ്രബുദ്ധമെന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരളീയ സമൂഹം തയാറാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. 

 

Latest News