Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ ഹോട്ടലുകളിലെ ഓണസദ്യക്ക്  ഹരം പകർന്ന് മാവേലി സാന്നിധ്യവും

ജിദ്ദയിലെ ഹോട്ടലിൽ ഓണ സദ്യക്കെത്തിയവരെ ആശീർവദിക്കാനെത്തിയ മാവേലി.

ജിദ്ദ- മലയാളി എവിടെയായിരുന്നാലും തിരുവോണ നാളിൽ സദ്യവട്ടങ്ങളൊരുക്കലും ഒരുമിച്ചിരുന്ന് സദ്യ ഉണ്ണലുമെല്ലാം ഒഴിച്ചുകൂടാനാവത്തതാണ്. ലോകത്തിന്റെ ഏതു കോണിലായിരുന്നാലും അതിനുള്ള ചിട്ടവട്ടങ്ങളൊക്കെ മലയാളികൾ ഒപ്പിക്കും. അതിനു കഴിയാത്തവർക്കാകട്ടെ മലയാളികൾ നടത്തുന്ന ഹോട്ടലുകളാണ് ശരണം. പതിവുപോലെ  ഇക്കുറിയും ഹോട്ടലുകാർ നിരക്ക് അൽപം കൂട്ടിയാണെങ്കിലും വിഭവ സമൃദ്ധമായ സദ്യയുമായി അതിനു വഴിയൊരുക്കി. 
ഇന്നലെ തിരുവോണ നാളിൽ ഗൾഫിൽ പ്രവൃത്തി ദിനമായിരുന്നതിനാൽ എല്ലാവർക്കും ആശ്രയം ഹോട്ടലുകളായിരുന്നു. സംഘടനാ തലത്തിലുള്ള ഓണാഘോഷങ്ങളും സദ്യയുമെല്ലാം വരുന്ന അവധി ദിനങ്ങളിലായിരിക്കും. അത് ഈ വർഷം അവസാനം വരെ തുടരുകയും ചെയ്യും. 
ഗൾഫിലെ മറ്റിടങ്ങളിലെന്ന പോലെ സൗദിയുടെ വിവിധ ഭാഗങ്ങളിലും ഇന്നലെ മലയാളികൾ അധികപേരും ആശ്രയിച്ചത് ഹോട്ടലുകളെയായിരുന്നു. ഹോട്ടലുകളിലെത്തി സദ്യ കഴിക്കുന്നതിനും എത്തിപ്പെടാൻ കഴിയാത്തവർക്ക് പാഴ്‌സലായി തൂശനിലയോടു കൂടിയ സദ്യ എത്തിച്ചു കൊടുത്തും ഹോട്ടലുകാർ കച്ചവടം കെങ്കേമമാക്കി. ഉപഭോക്താക്കളെ കൂടുതലായി ആകർഷിക്കാൻ ചിലർ മാവേലിയുടെ സാന്നിധ്യവും ഓണക്കളികളും പായസ മേളയുമെല്ലാം ഒരുക്കിയിരുന്നു. 
സദ്യയുണ്ണാൻ എത്തുന്നവരെ ആകർഷിക്കാൻ ജിദ്ദയിൽ മാവേലിയുടെ സാന്നിധ്യമൊരുക്കിയത് എയർലൈൻസ് ഇമ്പാലയായിരുന്നു. മാവേലിയുടെ സാന്നിധ്യം സദ്യയുണ്ണാൻ എത്തിയവർക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് ഹരം പകർന്നു. മറ്റു ഹോട്ടലുകളിൽ മാവേലിയുണ്ടായില്ലെങ്കിലും വൈവിധ്യമാർന്ന വിഭവങ്ങളൊരുക്കി സദ്യ കെങ്കേമമാക്കി ഇടപാടുകാർക്ക് രുചിമധുരം പകർന്നു.

 

 

Latest News