Sorry, you need to enable JavaScript to visit this website.

പി.എസ്.സി ചോദ്യം മലയാളത്തിലും വേണമെന്ന ആവശ്യം ശക്തമാകുന്നു

  • മലയാളത്തെ അവഗണിക്കുകയാണെങ്കിൽ എന്തിന് പി.എസ്.സി -അടൂർ

തിരുവനന്തപുരം- പി.എസ്.സി പിരിച്ചു വിടണമെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. എഴുത്തുകാരും ഭാഷാസ്‌നേഹികളും പറയുന്നത് കേൾക്കാൻ പി.എസ്.സിക്ക് കഴിയുന്നില്ലെങ്കിൽ അതിന് നിലനിൽക്കാൻ അവകാശമില്ലെന്ന് അടൂർ പറഞ്ഞു. മലയാളത്തിൽ പി.എസ്.സി പരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ച് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പി.എസ്.സി ഓഫീസിന് മുന്നിൽ നടത്തുന്ന നിരാഹാര സമര പന്തലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ പി.എസ്.സി ചോദ്യങ്ങൾ ഇംഗ്ലീഷിന് പുറമേ പ്രാദേശിക ഭാഷയിലും നൽകി തുല്യനീതി ഉറപ്പാക്കുക എന്നതാണ് ആവശ്യം.
മലയാളത്തിൽ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന വാദം യുക്തിരഹിതമാണെന്നും അടൂർ പറഞ്ഞു. ഒരാൾക്ക് സ്വാഭാവികമായി മനസ്സിലാകുന്ന ഭാഷ മാതൃഭാഷയാണ്. അതുകൊണ്ട് തന്നെ മാതൃഭാഷ അറിയുന്ന ഒരാൾ ഏത് ഭാഷയും പഠിക്കും. നമ്മുടെ ഭാഷ അറിഞ്ഞാൽ മാത്രമേ മറ്റ് ഭാഷകൾ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇംഗ്ലീഷിൽ പരീക്ഷ നടത്തുന്നതാണ് അരക്ഷിതമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. 
മലയാളത്തിൽ പരീക്ഷ നടത്തിയാൽ സ്വകാര്യത നഷ്ടപ്പെടുമെന്നാണ് പി.എസ്.സി പറയുന്നത്. ഇപ്പോഴെല്ലാം സ്വകാര്യത നഷ്ടമാകാതെയാണല്ലോ നടക്കുന്നതെന്ന് കവയിത്രി സുഗതകുമാരി പരിഹസിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സമരത്തിൽ പങ്കെടുത്തു.
പി.എസ്.സി പരീക്ഷകളുടെ ചോദ്യക്കടലാസ് മലയാളത്തിലും വേണമെന്ന ആവശ്യം ഇതോടെ ശക്തിപ്പെടുകയാണ്. എസ്.എസ്.എൽ.സിക്ക് മുകളിൽ യോഗ്യത ആവശ്യമുള്ള പരീക്ഷകളൊക്കെ ഇംഗ്ലീഷിലാണ് ഇപ്പോൾ നടത്തുന്നത്. എസ്.എസ്.എൽ.സി വരെ യോഗ്യതയുള്ള പരീക്ഷകൾ മാത്രമാണ് നിലവിൽ മലയാളത്തിലുള്ളത്. 
മാതൃഭാഷയിൽ എഴുതാനാകാത്തത്മൂലം ഉദ്യോഗാർഥികൾക്ക് ഫലപ്രദമായി പരീക്ഷയെഴുതാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് മലയാളത്തിലും ചോദ്യങ്ങൾ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. പി.എസ്.സി പരീക്ഷകൾ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് ഭാഷാസ്‌നേഹികൾ പി.എസ്.സിക്ക് മുമ്പിൽ സമരം നടത്തിവരികയാണ്. മുഖ്യമന്ത്രി തിങ്കളാഴ്ച പി.എസ്.സിയുമായി ഇക്കാര്യങ്ങൾ ചർച്ചനടത്തും. പി.എസ്.സി മലയാളത്തിൽകൂടി ചോദ്യങ്ങൾ ലഭ്യമാക്കണെമെന്ന് ഔദ്യോഗിക ഭാഷാ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പി.എസ്.സിയുമായി സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി സമ്മതിച്ചിരിക്കുന്നത്.


 

Latest News