Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൈലാസംപടിയിൽ ഭൂമി പിളരുന്നു;  നാട്ടുകാർ ഭീതിയിൽ 

കണ്ണൂർ കൈലാസംപടിയിൽ ഭൂമിയിലുണ്ടായ പിളർപ്പ്

കണ്ണൂർ- മഴ തുടരുന്നതിനിടെ, കൈലാസംപടിയിൽ ഭൂമിയിൽ വിള്ളൽ വ്യാപിച്ചതിനെ തുടർന്ന് കൂടുതൽ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. പരിഹാരം കണ്ടെത്തുന്നതിനെക്കുറിച്ച് എ.ഡി.എം ഇ.പി.മേഴ്‌സി, തഹസിൽദാർ കെ.കെ.ദിവാകരൻ എന്നിവർ കൈലാസംപടിയും ക്യാമ്പും സന്ദർശിച്ച് ചർച്ച നടത്തി.
കഴിഞ്ഞ വർഷം ഉണ്ടായ വിള്ളൽ രണ്ട് ദിവസമായി വ്യാപിക്കുന്നതായി കണ്ടതിനെ തുടർന്ന് ഞായറാഴ്ച 12 കുടുംബങ്ങളെയാണ് കോളിത്തട്ട് ഗവ. എൽ.പി സ്‌കൂളിലെ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റിയത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 41 കുടുംബങ്ങളിൽനിന്നു നൂറിലധികം പേരാണ് ഇപ്പോൾ ക്യാമ്പിലുള്ളത്.
പലയിടത്തും നിയന്ത്രണാതീതമായ തരത്തിൽ ഉരുൾപൊട്ടൽ ഉണ്ടായത് ജനങ്ങളുടെ ഭീതി വർധിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും പ്രകൃതി പ്രതിഭാസമാണോ അതോ, കനത്ത മഴയിൽ ഉരുൾപൊട്ടലിനുള്ള ആരംഭമാണോ എന്ന് നാട്ടുകാർക്ക് നിശ്ചയമില്ല. കൃത്യമായ ശാസ്ത്രീയ വിശദീകരണം നൽകാൻ അധികൃതർക്കും കഴിയുന്നില്ല.
പ്രായമായവരും കുട്ടികളും അടക്കം എഴുപതോളം പേർ മറ്റ് വീടുകളിലും മാറി താമസിക്കുകയാണ്. ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് വിള്ളൽ വ്യാപിച്ചിട്ടുള്ളത്. 84 വീടുകളാണ് ഈ ഭാഗത്തുള്ളത്. ഇവയൊന്നും സുരക്ഷിതമല്ല. 18 വീട്ടുകാരെ അടിയന്തരമായി മാറ്റി പാർപ്പിക്കേണ്ടതുണ്ട്. അടുത്ത മഴക്കാലത്ത് ദുരന്ത സാധ്യത തള്ളിക്കളയാനാകില്ല എന്നതിനാൽ ബാക്കിയുള്ളവരെയും ഘട്ടംഘട്ടമായി മാറ്റി താമസിപ്പിക്കേണ്ടതുണ്ടെന്ന് സി.പി.എം അടക്കാത്തോട് ലോക്കൽ സെക്രട്ടറി ജോർജുകുട്ടി കുപ്പക്കാട്ട് പറഞ്ഞു.
അവധിയിലായ കലക്ടർ തിരിച്ചു വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ക്യാമ്പിലുളളവരുമായി നടത്തിയ ചർച്ചക്കു ശേഷം എ.ഡി.എമ്മും തഹസിൽദാറും അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.രാജൻ, വില്ലേജ് ഓഫിസർ കെ.രാധ, പഞ്ചായത്തംഗം തങ്കമ്മ സ്‌കറിയ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഓണദിനങ്ങളായിട്ടും വീട്ടിലേക്ക് മടങ്ങാനാകാത്ത സ്ഥിതിയിലാണ് ഈ പ്രദേശത്തുകാർ.

Latest News