കശ്മീര്‍ സ്ഥിതി ഗുരുതരമെന്ന് പാക്കിസ്ഥാന്‍; യുദ്ധത്തിലേക്ക് നയിച്ചേക്കും

ജനീവ- കശ്മീരിലെ സ്ഥിതിഗതികള്‍ ആകസ്മിക യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്. യു.എന്‍ മനുഷ്യാവകാശ മേധാവി കശ്മീര്‍ സന്ദര്‍ശിക്കണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.
സംഘര്‍ഷമുണ്ടായാല്‍ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ഇന്ത്യക്കും പാക്കിസ്ഥാനും ഒരുപോലെ ബോധ്യമുണ്ടെന്നും ജനീവയില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തിനിടെ പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി വാര്‍ത്താ ലേഖകരോട് പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ പിന്‍വലിച്ച ശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ പ്രവചനാതീതമാണെന്നും എന്തും സംവിക്കാമെന്നും ആകസ്മിക യുദ്ധത്തിലേക്ക് നീങ്ങാമെന്നും അദ്ദേഹം പറഞ്ഞു.
യു.എന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാഷ്‌ലറ്റിനെ ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും കശ്മീരുകള്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതായും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് രാജ്യാന്തര തലത്തിലുള്ള അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ ദിവസം ഖുറേഷി ആവശ്യപ്പെട്ടിരുന്നു.
ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനാ അനുഛേദം നീക്കിയ ഓഗസ്റ്റ് അഞ്ചിനുശേഷം സംഘര്‍ഷമൊഴിവാക്കന്‍ ഇന്ത്യ സൈനിക സന്നാഹം ശക്തമാക്കിയിരുന്നു. നിയന്ത്രണളുടെ ഭാഗമായി വിഛേദിച്ച മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകളും ഇന്റര്‍നെറ്റും ഇപ്പോഴും പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടില്ല.
കശ്മീര്‍ സന്ദര്‍ശിക്കാന്‍ മിഷേല്‍ ബാഷ്‌ലെറ്റ് ആഗ്രഹം പ്രകടിപ്പിച്ചതായി മന്ത്രി പറഞ്ഞുവെങ്കിലും യു.എന്‍ ഓഫീസ് സ്ഥരീകരിച്ചിട്ടില്ല.  
സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് ഉഭയകക്ഷി ചര്‍ച്ചയ്ക്കുള്ള സാധ്യത ഖുറേഷി തള്ളി. കശ്മീര്‍ സ്ഥിതിഗതികളും ഇന്ത്യാ ഗവണ്‍മന്റിന്റെ നിലപാടുകളും വെച്ചുനോക്കുമ്പോള്‍ ഉഭയകക്ഷി ചര്‍ച്ചക്ക് സാധ്യത കാണുന്നില്ല. ബഹുരാഷ്ട്ര ഫോറമോ ഒരു മൂന്നാം കക്ഷി മധ്യസ്ഥനോ ആവശ്യമായി വരുമെന്നും ഖുറേഷി പറഞ്ഞു.

 

 

Latest News