ഹമാസിനുവേണ്ടി ചാരവൃത്തി: ഈജിപ്തില്‍ 11 ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് ജീവപര്യന്തം

മുസ്്‌ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദീഅ് കയ്‌റോ കോടതിയിലെ പ്രതിക്കൂട്ടില്‍.

കയ്‌റോ- ഫലസ്തീന്‍ പ്രസ്ഥാനമായ ഹമാസിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് 11 മുതിര്‍ന്ന മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് ഈജിപ്ഷ്യന്‍ കോടതി ജീവപര്യന്തം തടവ് വിധിച്ചു.
ബ്രദര്‍ഹുഡിന്റെ പരമോന്നത നേതാവ് മുഹമ്മദ് ബദീഅ്, ഡെപ്യൂട്ടി നേതാവ് ഖൈറത്തുല്‍ ശാതിര്‍ എന്നിവര്‍ ജീവപര്യന്തം തടവായ 25 വര്‍ഷം ജയില്‍ വിധിച്ചവരില്‍ ഉള്‍പ്പെടും. ഈജിപ്തില്‍ മറ്റ് അഞ്ച് ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്ക് ഏഴ് മുതല്‍ 10 വര്‍ഷം വരെ തടവ് വിധിച്ച കോടതി ആറ് പേരെ കുറ്റവിമുക്തരാക്കിയതായും അധികൃതര്‍ പറഞ്ഞു.
ഹമാസിനു പുറമെ, വിദേശ പ്രസ്ഥാനമായ ലെബനോനിലെ ഹിസ്ബുല്ലയുമായും ചേര്‍ന്ന് പ്രതികള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. രാജ്യത്തിന്റെ സുരക്ഷയും ഭദ്രതയും കണക്കിലെടുക്കാതെ വിദേശ ഭീകരര്‍ക്ക് ധനസഹായം നല്‍കിയെന്നും ആരോപിക്കപ്പെട്ടു.
ജഡ്ജി മുഹമ്മദ് ഫഹ്മിയാണ് വിധി പ്രഖ്യാപിച്ചത്. പ്രതികള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. രാജ്യത്തെ ഒറ്റുകൊടുത്തവര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News