Sorry, you need to enable JavaScript to visit this website.

ഊഞ്ഞാലിൽ കുരുങ്ങി മരിച്ച എട്ടു വയസ്സുകാരി  പീഡനത്തിന് ഇരയായതായി സൂചന 

ഇടുക്കി- മൂന്നാറിൽ വീടിനുള്ളിൽ എട്ടു വയസ്സുകാരി ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടി പീഡനത്തിനിരയായെന്നു സൂചന. മൂന്നാറിലെ സ്വകാര്യ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയെയാണ് തിങ്കളാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. കളിക്കുന്നതിനിടെ ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി മരിച്ചെന്നായിരുന്നു ആദ്യ നിഗമനം. 
എന്നാൽ കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി. ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തിൽ പോലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തി. സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന പെൺകുട്ടിയുടെ മുത്തശ്ശി, സമീപത്ത് താമസിക്കുന്ന ബന്ധു എന്നിവരെ ചോദ്യം ചെയ്തു. 
പെൺകുട്ടി മരിച്ചു കിടക്കുന്നത് ആദ്യം കണ്ട മുത്തശ്ശി ഈ ബന്ധുവിനെയാണു ആദ്യം വിവരം അറിയിച്ചത്. മൂന്നാർ ഡിവൈ.എസ്.പി എം.രമേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നൽകി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടി ഉണ്ടാകുമെന്ന് പോലീസ് സൂചിപ്പിച്ചു.
 

Latest News