Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഇരുപതിനായിരത്തിലേറെ നവ ദമ്പതികൾക്ക് സഹായം

റിയാദ് - പുതുതായി വിവാഹിതരാകുന്ന സ്വദേശികൾക്ക് സഹായം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള സനദ് മുഹമ്മദ് ബിൻ സൽമാൻ പ്രോഗ്രാമിന്റെ ഭാഗമായി ഇരുപതിനായിരത്തിലേറെ പേർക്ക് ധനസഹായം വിതരണം ചെയ്തു. 
ഇവർക്ക് ആകെ 39.5 കോടി റിയാലാണ് ധനസഹായമായി വതിരണം ചെയ്തത്. ധനസഹായ വിതരണത്തിലൂടെ ലക്ഷ്യമിട്ട ഗുണഭോക്താക്കളുടെ എണ്ണത്തിന്റെ എൺപതിലേറെ ശതമാനത്തിന് ഇതിനകം ധനസഹായ വിതരണം പൂർത്തിയാക്കി. ഏതാനും ബാച്ചുകളായാണ് ഇത്രയും ഗുണഭോക്താക്കൾക്ക് സഹായം വിതരണം ചെയ്തത്. പദ്ധതി വഴി ഏറ്റവും കൂടുതൽ പേർക്ക് ധനസഹായം ലഭിച്ചത് മക്ക പ്രവിശ്യയിലാണ്. രണ്ടാം സ്ഥാനത്ത് റിയാദ് പ്രവിശ്യയാണ്. 
സനദ് മുഹമ്മദ് ബിൻ സൽമാൻ പ്രോഗ്രാമിന്റെ ഭാഗമാണ് സനദ് വിവാഹ സഹായ പദ്ധതി. വ്യവസ്ഥകൾ പൂർണമായവരാണെന്ന് ഉറപ്പു വരുത്തിയ ശേഷം അപേക്ഷകർക്ക്, ഭദ്രമായ കുടുംബ ജീവിതം കെട്ടിപ്പടുക്കുന്നതിന് സഹായകമായി ബോധവൽക്കരണ ക്ലാസ് നടത്തുന്നുണ്ട്.  തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത ഒറ്റത്തവണ സഹായമാണ് പദ്ധതി വഴി നൽകുന്നത്. ധനസഹായത്തിന് ഇതിനകം ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തവരുടെ രേഖകളുടെ വെരിഫിക്കേഷൻ നടന്നുവരികയാണ്. വെരിഫിക്കേഷൻ പൂർത്തിയായ ശേഷം ഇവർക്കും ധനസഹായം വിതരണം ചെയ്യും.  
സനദ് മുഹമ്മദ് ബിൻ സൽമാൻ പ്രോഗ്രാം ഏതാനും സാമൂഹിക പദ്ധതികൾക്ക് ഊന്നൽ നൽകുന്നു. വിവിധ വകുപ്പുകളുമായുള്ള പങ്കാളിത്തത്തോടെയും ഏകോപനത്തോടെയുമാണ് ലാഭേഛയില്ലാത്ത സാമൂഹിക പദ്ധതികൾ സനദ് മുഹമ്മദ് ബിൻ സൽമാൻ പ്രോഗ്രാം നടപ്പാക്കുന്നത്. സന്നദ്ധ സംഘടനകൾക്ക് ധനസഹായം നൽകുന്ന പദ്ധതി, സാമ്പത്തിക ബാധ്യതകളുടെ പേരിൽ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർത്ത് ജയിൽ മോചിതരാക്കുന്ന പദ്ധതി, പുരാതന, ചരിത്ര മസ്ജിദുകളുടെ പുനരുദ്ധാരണം അടക്കമുള്ള പദ്ധതികൾ സനദ് മുഹമ്മദ് ബിൻ സൽമാൻ പ്രോഗ്രാം നടപ്പാക്കുന്നുണ്ട്.
 

Tags

Latest News