പാക്കിസ്താനില്‍ ഒരു ലീറ്റര്‍ പാലിന് വില 140 രൂപ! പെട്രോളിനേക്കാള്‍ ചെലവേറി

കറാച്ചി- പാക്കിസ്ഥാനില്‍ പാല്‍ വില സകല നിയന്ത്രണങ്ങളും ഭേദിച്ച് കുതിക്കുന്നു. ആശുറാ ദിനത്തോടനുബന്ധിച്ച് പലനഗരങ്ങളിലും വില കുതിച്ചുയര്‍ന്നു. കറാച്ചിയിലും സിന്ധ് പ്രവിശ്യയിലും വില ലീറ്ററിന് 140 രൂപ വരെ എത്തിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. പെട്രോള്‍, ഡീസല്‍ വില പാലിന്റെ വിലയോളം വരില്ലെന്നതാണ് രസകരമായ വസ്തുത. പെട്രോളിന് ലീറ്റര്‍ 113 രൂപയാണ്. ഡീസലിന് 91 രൂപയും. ഡിമാന്‍ഡ് കൂടിയതോടെ ലീറ്ററിന് 120 മുതല്‍ 140 രൂപ വരെയാണ് ഇടാക്കുന്നതെന്ന് ഒരു വില്‍പ്പനക്കാരന്‍ പറഞ്ഞു. മുഹര്‍റം ദിനാചരണത്തോടനുബന്ധിച്ച് ജാഥകള്‍ കടന്നു പോകുന്ന വഴികളില്ലെല്ലാം നാട്ടുകാരും സംഘടനകളും സബീലുകള്‍ (പാനീയം വിതരണ സ്റ്റാളുകള്‍) സ്ഥാപിക്കും. സബീലുകളിലേക്ക് വന്‍തോതില്‍ പാല്‍ ആവശ്യമാണ്. ഇതാണ് വില കുത്തനെ ഉയരാന്‍ കാരണം.

പാല്‍വില നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തിയ അധികൃതര്‍ അനങ്ങുന്നില്ലെന്നാണ് ആക്ഷേപം. പാല്‍വില ലീറ്ററിന് 94 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും കൊള്ളലാഭം കൊയ്യുന്നത് തടയാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല.
 

Latest News