Monday , January   20, 2020
Monday , January   20, 2020

പ്രതീക്ഷ നൽകുന്ന നവ ജനാധിപത്യ പ്രസ്ഥാനം 

സണ്ണി കപിക്കാട്

രാജ്യം നേരിടുന്ന രൂക്ഷമായ ഫാസിസ്റ്റ് ഭീഷണിക്കെതിരായ ചെറുത്തുനിൽപുകൾ ദിനംപ്രതി ദുർബലമാകുന്നു എന്ന വിലയിരുത്തലുകളാണല്ലോ പൊതുവിൽ രഷ്ട്രീയ നിരീക്ഷകരുടേത്. മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ദുർബലമാകുന്നു. പാർട്ടി നേതാക്കൾ ബി.ജെ.പിയിലേക്ക് കൂറുമാറുന്നു. രാഷ്ട്രീയ ശത്രുതയോടെ കോൺഗ്രസ് നേതാക്കളെ സർക്കാർ വേട്ടയാടുന്നു. അടുത്ത കാലം വരെ ബി.ജെ.പിക്കെതിരെ ശക്തമായ ചെറുത്തുനിൽപപ്പു സംഘടിപ്പിച്ചിരുന്ന പ്രാദേശിക പാർട്ടികൾ തളരുന്നു. കശ്മീർ, അസം ഇടപെടലുകളിലൂടെയും ഭീകര നിയമങ്ങളിലൂടെയും തങ്ങളുടെ ലക്ഷ്യം ഒരു മയവും മറയുമില്ലാതെ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുമ്പോഴാണ് മറുപക്ഷം ഇത്രമാത്രം ദുർബലമാകുന്നത്.  
ഒരു രാജ്യം, ഒരു നിയമം, ഒറ്റ തെരഞ്ഞെടുപ്പ്, ഒരു സൈനിക മേധാവി, ആണവായുധ പ്രയോഗത്തിലെ നയം മാറ്റം തുടങ്ങിയവയെല്ലാം അധികാര കേന്ദ്രീകരണത്തിന്റെ തുടർച്ചയാണ്. മറുവശത്ത് സംഘപരിവാർ സംഘടനകൾ രാജ്യത്തെ വർഗീയമായി ഭിന്നിപ്പിക്കുകയും മുസ്‌ലിംകളെയും ഇതര ന്യൂനപക്ഷങ്ങളെയും അപരവൽക്കരിക്കുകയും ചെയ്യുന്നു. 
പശു സംരക്ഷണത്തിന്റെ പേരിൽ ദളിതരും മുസ്‌ലിംകളും വ്യാപകമായി ആക്രമിക്കപ്പെടുന്നു. സാമ്പത്തിക സംവരണം അടിച്ചേൽപിച്ചുകൊണ്ട് ദളിത്, ആദിവാസി, പിന്നോക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഭരണഘടന അവകാശങ്ങളും സാമൂഹിക നീതിയും ഇല്ലാതാക്കി. സവർണ ജാതീയ അതിക്രമങ്ങളും വിവേചനങ്ങളും സ്ത്രീകൾക്കെതിരായ അക്രമങ്ങളും വർധിച്ചുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വവൽക്കരിക്കുന്ന തരത്തിൽ പാഠ്യ പദ്ധതി തന്നെ മാറ്റിയെഴുതാനും അക്കാദമിക് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾ ശക്തമായിട്ടുണ്ട്. എല്ലാറ്റിലുമുപരി തീവ്ര ദേശീയവാദത്തെ കെട്ടഴിച്ചുവിട്ടുകൊണ്ട് എല്ലാത്തരം വിയോജിപ്പുകളെയും ദേശവിരുദ്ധമെന്ന് മുദ്ര കുത്തി അടിച്ചമർത്താനുള്ള നീക്കമാണിപ്പോൾ നടക്കുന്നത്. ചുരുക്കത്തിൽ പ്രഛന്ന ബ്രാഹ്മണ്യത്തെ അടിത്തറയാക്കുന്ന ഒരു ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രമായി ഇന്ത്യയെ പരിവർത്തനപ്പെടുത്താനുള്ള നീക്കങ്ങളാണ് സജീവമായിരിക്കുന്നത്.
സാമ്പത്തിക മേഖലയിലാകട്ടെ ദേശീയ സമ്പത്തും പൊതുസ്ഥാപനങ്ങളും കോർപറേറ്റുകൾക്ക് തീറെഴുതുന്നതിലൂടെ വലിയ തോതിലുള്ള നഷ്ടമാണ് സംഭവിക്കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്. ബി.എസ്.എൻ.എൽ പോലുള്ള പൊതുമേഖല സ്ഥാപനങ്ങൾ റിലയൻസിന് വേണ്ടി അടച്ചുപൂട്ടാനുള്ള ശ്രമത്തിലാണ്. 
റെയിൽവേ, ബാങ്കിംഗ്, ഇൻഷുറൻസ് സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾ മുന്നോട്ടു പോകുകയാണ്. ഇതിലൂടെ ദേശീയ സമ്പത്ത് കൊള്ള ചെയ്യുന്നതിനൊപ്പം സംവരണീയ വിഭാഗങ്ങളുടെ നിലവിലുള്ള തൊഴിൽ പ്രാതിനിധ്യം പോലും ഇല്ലാതാക്കപ്പെടുന്നു. ആദിവാസികളുടെ അവകാശങ്ങൾ അട്ടിമറിക്കുകയും ഭൂമിയും വിഭവങ്ങളും കോർപറേറ്റ് ശക്തികൾക്ക് ദാനമായി നൽകുകയും ചെയ്യുന്നു. കടക്കെണിയിലും വിളനാശത്തിലും വിലയിടിവിലും ജീവിതം ദുരിതത്തിലായ കർഷകരുടെ ആത്മഹത്യകൾ തുടരുകയാണ്. കോർപറേറ്റുകളുടെ ആയിരക്കണക്കിന് കോടി രൂപ എഴുതിത്തള്ളുന്ന ബാങ്കുകൾ സർഫാസി പോലുള്ള നിയമങ്ങൾ ഉപയോഗിച്ച് ദരിദ്ര ജനതയുടെ ഭൂമിയും പാർപ്പിടവും പിടിച്ചെടുക്കുന്നു.
ഏറെ രാഷ്ട്രീയ പ്രബുദ്ധമെന്നഭിമാനിക്കുന്ന കേരളത്തിലും സ്ഥിതി വലുതായൊന്നും വ്യത്യസ്തമല്ല. പടിപടിയായി വർഗീയ ശക്തികൾ വളരുമ്പോൾ എങ്ങനെ അതിനെ തടയാമെന്നറിയാതെ ഉഴലുകയാണ് ഇരു മുന്നണികളും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇനിയും പരിഹരിക്കാനാവാത്ത ശബരിമല പ്രശ്‌നം. ആറ് പതിറ്റാണ്ടായി ഇടതും വലതും മുന്നണികൾ മാറി മാറി ഭരിക്കുന്ന കേരളത്തിൽ ദളിത്, ആദിവാസി ജനതയുടെയും മൽസ്യത്തൊഴിലാളികളുടെയും തോട്ടം തൊഴിലാളികളുടെയും മറ്റ് അസംഘടിത ജനവിഭാഗങ്ങളുടെയും ജീവിതം ദുരിതത്തിലാണ്. 
കേരളം നേരിടുന്ന വികസന - സാമ്പത്തിക പ്രതിസന്ധി, ഭൂരഹിതരുടെ പ്രശ്നം, അസംഘടിത തൊഴിൽ മേഖല നേരിടുന്ന പ്രശ്നങ്ങൾ, കാർഷിക പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ കാര്യങ്ങളിലൊന്നും യു.ഡി.എഫ് ഭരണത്തിൽനിന്ന് വ്യത്യസ്തമായ നയമോ നിലപാടോ എൽ.ഡി.എഫ് സർക്കാരിനില്ലെന്ന് വ്യക്തമാണ്. ജനങ്ങളുടെ താൽപര്യത്തേക്കാൾ കോർപറേറ്റുകളുടെയും വൻകിട തോട്ടമുടമകളുടെയും താൽപര്യങ്ങളാണ് എൽ.ഡി.എഫ് സർക്കാരും സംരക്ഷിക്കുന്നത്. ലക്ഷക്കണക്കിന് ഏക്കർ ഭൂമി അനധികൃതമായി ഹാരിസൺ പോലുള്ള വൻകിട കമ്പനികൾ കൈവശം വെക്കുന്നതായി സർക്കാർ തന്നെ കണ്ടെത്തിയിട്ടും പിടിച്ചെടുക്കാൻ തയാറാകുന്നില്ല. മറുവശത്ത് ദളിതരും ആദിവാസികളും ദരിദ്രരുമായ മനുഷ്യർ കോളനികളിലും ചേരികളിലും പുറമ്പോക്കുകളിലുമാണ് കഴിയുന്നത്. 
ഇതിനിടയിലാണ് സവർണ ഹിന്ദുത്വ ശക്തികൾ ഭിന്നതയുടെയും വർഗീയ ധ്രുവീകരണത്തിന്റെയും ആചാര സംരക്ഷണത്തിന്റെയും മറവിൽ ശക്തിപ്പെടാൻ ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളെ അപരവൽക്കരിച്ചുകൊണ്ട് ഉത്തരേന്ത്യയിലെന്ന പോലെ വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാനാണ് അവരുടെ ശ്രമം. നവോത്ഥാനാനന്തരം കേരളത്തിൽ ശക്തമായിരുന്ന ജാതി വിരുദ്ധതയുടെയും മതേതരത്വത്തിന്റെയും സാമൂഹിക - രാഷ്ട്രീയ ധാരകൾ ദുർബലപ്പെട്ടതും ഇടതു -വലത് പാർട്ടികൾ പ്രകടിപ്പിക്കുന്ന സവർണ - മൃദു ഹിന്ദുത്വ നിലപാടുകളും സംഘപരിവാർ രാഷ്ട്രീയത്തിന്റെ വളർച്ചക്ക് വളമാകുന്നു.
നവോത്ഥാന മൂല്യങ്ങളെ സമകാലികമായി വീണ്ടെടുക്കാനും മതേതരവും ജനാധിപത്യപരവുമായ ജനകീയ ഐക്യം രൂപപ്പെടുത്താനും കഴിഞ്ഞില്ലെങ്കിൽ കേരളവും സംഘപരിവാറിന്റെ പിടിയിലമരാനുള്ള സാഹചര്യമാണുള്ളത്.
വിപൽക്കരമായ ഈ സാഹചര്യത്തെ മറികടക്കുന്നതിന് ഒരു പുതിയ ജനാധിപത്യ രാഷ്ട്രീയവും ജനകീയ പ്രതിപക്ഷവും അനിവാര്യമായിരിക്കുന്നു. അതേസമയം കേരളത്തിൽ പ്രബലമായ ഇടതുപക്ഷം പലപ്പോഴും അവരുടേതായ ശൈലിയിൽ സമഗ്രാധിപത്യ നിലപാടുകൾ ഉള്ളവരാണ്. അതിനാൽ തന്നെ ഇന്ത്യയിലെ എല്ലാ ഭാഗത്തുമെന്ന പോലെ കേരളത്തിലും ജനാധിപത്യവും മതേതരത്വവും സാമൂഹ്യ നീതിയും ഫെഡറലിസവും ഉയർത്തിപ്പിടിക്കുന്ന ഒരു ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനത്തിനു പ്രസക്തിയേറുകയാണ്. അത്തരമൊരു നീക്കത്തിലാണ് സംസ്ഥാനത്തെ ഒരു വിഭാഗം സാമൂഹ്യ - രാഷ്ട്രീയ പ്രവർത്തകർ. വൈവിധ്യങ്ങളെ ഇല്ലാതാക്കുന്ന അഖണ്ഡ ഹിന്ദുത്വ രാഷ്ട്രമായല്ല, വൈവിധ്യങ്ങളുടെ സഹവർത്തിത്വവും സാഹോദര്യവും നിലനിൽക്കുന്ന ജനാധിപത്യ മതേതര രാഷ്ട്രമായി ഇന്ത്യ നിലനിൽക്കേണ്ടതുണ്ടെന്നാണ് ഈ മുന്നേറ്റത്തിനു നേതൃത്വം നൽകുന്നവർ മുന്നോട്ടുവെക്കുന്ന നിലപാട്. വിഭവങ്ങളും സമ്പത്തും അധികാരവുമില്ലാത്ത ജനവിഭാഗങ്ങൾക്ക് സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പു വരുത്തുന്ന ജനാധിപത്യ രാഷ്ട്രീയത്തിന് മാത്രമേ ഫാസിസത്തെ പ്രതിരോധിക്കാൻ കഴിയൂ. വിനാശം വിതച്ചുകൊണ്ടിരിക്കുന്ന വികസനത്തിനു പകരം പാരിസ്ഥിതിക നീതി ഉറപ്പാക്കുന്ന ഒരു വികസന നയമുണ്ടാകണം. 
ചേരികളിലും പുറമ്പോക്കുകളിലും കോളനികളിലും കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പു വരുത്തണം. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഉൾപ്പെടെ തുല്യത ഉറപ്പാക്കുന്ന ലിംഗനീതിയുടെ രാഷ്ട്രീയം രൂപപ്പെടണം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ മൂല്യങ്ങളായിരിക്കണം പുതിയ ജനാധിപത്യ രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കേണ്ടത്. ആദിവാസികൾ, ദളിതർ, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങൾ, സ്ത്രീകൾ, കർഷകർ, തൊഴിലാളികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യത്തിലൂടെ മാത്രമേ അത് സാധ്യമാകൂ. സമ്പദ്ഘടനയെയും സാമൂഹിക ക്രമത്തെയും പുനഃസംഘടിപ്പിക്കാൻ കഴിയുന്ന ഒരു നവ ജനാധിപത്യ രാഷ്ട്രീയം രൂപപ്പെടുത്തണം.
നവജനാധിപത്യ പ്രസ്ഥാനം എന്നു വിശേഷിപ്പിക്കുന്ന ഈ നീക്കത്തിനു നേതൃത്വം നൽകുന്ന കെ.കെ. കൊച്ച്, സണ്ണി കപിക്കാട്, ഭദ്രകുമാരി തുടങ്ങിയവരാണ്. കോട്ടയം, എറണാകുളം ജില്ലകളിൽ പ്രസ്ഥാനത്തിന്റെ സമ്മേളനം കഴിയുകയും കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു. 
കഴിയുന്ന ജില്ലകളിൽ സമ്മേളനങ്ങൾ നടത്തി ജനുവരിയിൽ സംസ്ഥാനതല പ്രഖ്യാപനം നടത്താനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്. തീർച്ചയായും ജനാധിപത്യ മതേതരവാദികൾക്ക് പ്രതീക്ഷ നൽകുന്ന നീക്കമായിരിക്കും ഇതെന്നു കരുതാം. 

Latest News