Sorry, you need to enable JavaScript to visit this website.

ബ്രിട്ടനില്‍ പഠിക്കുന്ന വിദേശികള്‍ക്ക് രണ്ടു വര്‍ഷ തൊഴില്‍ വിസ

ന്യൂദല്‍ഹി- ബ്രിട്ടനില്‍ ഉപരിപഠനത്തിന് പോകുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് വലിയ ആശ്വാസമായി രണ്ടു വര്‍ഷ തൊഴില്‍ വീസ ബ്രിട്ടീഷ് സര്‍ക്കാര്‍ വീണ്ടും അവതരിപ്പിച്ചു. ഉപരിപഠനം പൂര്‍ത്തിയാക്കി രണ്ടു വര്‍ഷം ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഈ വിസ നേരത്തെ നിര്‍ത്തിവച്ചതായിരുന്നു. കഴിവുറ്റ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിജയകരമായി കരിയര്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കാനാണ് ഈ വിസ പുനവതരിപ്പിക്കുന്നതെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. 2020-21 വര്‍ഷം യുണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്നവര്‍ക്കാണ് ഈ വിസ ലഭിക്കുക. മുന്‍ പ്രധാനമന്ത്രി തരേസ മേ ആഭ്യന്തര സെക്രട്ടറിയായിരിക്കെ 2012ലാണ് ഈ വിസ ബ്രിട്ടന്‍ നിര്‍ത്തലാക്കിയത്.

ബ്രിട്ടനിലെ ഏതെങ്കിലുമൊരു അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദമോ അതിനു മുകളിലോ ഉള്ള പഠനം പൂര്‍ത്തിയാക്കുകയും നിയമ സാധുതയുള്ള ഇമിഗ്രേഷന്‍ സ്റ്റാറ്റസും ഉള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വിസ അനുവദിക്കുക. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം രണ്ടു വര്‍ഷത്തേക്ക് ഈ വിസയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലെടുക്കാനും തൊഴില്‍ അന്വേഷിക്കാനും കഴിയും. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ് തുടങ്ങി ഏതു മേഖലയില്‍ നിന്നുമുള്ള വിദേസ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനില്‍ പഠിക്കാനും തൊഴില്‍പരിചയം നേടാനും വിജയകരമായ കരിയര്‍ ആരംഭിക്കാനും ഇതു വഴിയൊരുക്കുമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു.
 

Latest News