Sorry, you need to enable JavaScript to visit this website.

ആന്ധ്രയില്‍ നായിഡുവും മകനും വീട്ടുതടങ്കലില്‍

അമരാവതി- തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി) ഇന്ന് വന്‍ പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തതിനു പിന്നാലെ   ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മകന്‍ നാര ലോകേഷിനെയും വീട്ടുതടങ്കലിലാക്കി. തെലുഗു ദേശം പാര്‍ട്ടിയുടെ നിരവധി നേതാക്കളും വീട്ടുതടങ്കലിലാണ്.  
ഭരണകക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ടി.ഡി.പി പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തത്. ടി.ഡി.പി പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ 12 മണിക്കൂര്‍ നിരാഹാര സമരത്തിന് നായിഡു ആഹ്വാനം ചെയ്തു.

ടി.ഡി.പി പ്രതിഷേധം തടയാന്‍ നരസരോപേട്ട, സട്ടനെപള്ളെ, പല്‍നാട്, ഗുരാജാല എന്നിവിടങ്ങളില്‍ 144 വകുപ്പ് പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ ടി.ഡി.പിയുടെ പ്രതിഷേധ പരിപാടി നടത്താന്‍ കഴിയില്ലെന്ന് ഡി.ജി.പി ഗൗതം സവാങ് വ്യക്തമാക്കി. സമാധാനം നിലനിര്‍ത്തുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പോലീസുമായി സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ  ആക്രമണത്തില്‍ എട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് ടി.ഡി.പിയുടെ ആരോപണം. സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം അഞ്ഞൂറിലധികം ടി.ഡി.പി പ്രവര്‍ത്തകരും അനുഭാവികളും ആക്രമിക്കപ്പെട്ടെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.
ടിഡിപിയുടെ പ്രതിഷേധത്തിനു ബദലായി വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ബുധനാഴ്ച പ്രതിഷേധ റാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിന്റെ കാലത്ത് അക്രമങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് റാലി. അക്രമങ്ങളില്‍ കൂടുതല്‍ ദുരിതമനുഭവിച്ചത് ആത്മാകൂര്‍, പലനാട് എന്നിവിടങ്ങളിലെ ജനങ്ങളാണെന്നും അനുഭവം പങ്കുവയ്ക്കാന്‍ ആളുകള്‍ മുന്നിട്ടിറങ്ങണമെന്നും പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടു.

വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും അവരുടെ ഗ്രാമങ്ങളില്‍ നിന്നു പുറത്താക്കിയെന്നും വ്യാജ കേസുകള്‍ അവര്‍ക്കെതിരെ ചുമത്തിയെന്നും പാര്‍ട്ടി നേതൃത്വം ആരോപിച്ചു.

 

 

 

Latest News