Sorry, you need to enable JavaScript to visit this website.

റെമിറ്റന്‍സ്‌ മേഖലയിൽ അൽഅമൂദി എക്‌സ്‌ചേഞ്ചിന് പൂര്‍ണ വിലക്ക്

റിയാദ്- സൗദി അറേബ്യക്കകത്തും വിദേശങ്ങളിലേക്കും പണമയക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സഈദ് മുഹമ്മദ് അലി അൽഅമൂദി മണി എക്‌സ്‌ചേഞ്ച് കമ്പനിക്ക് വിലക്കേർപ്പെടുത്തിയതായി കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) അറിയിച്ചു.

സഈദ് അൽഅമൂദി എക്‌സ്‌ചേഞ്ചിന്റെ മെയിൻ ആസ്ഥാനത്തും ശാഖകളിലും റെമിറ്റന്‍സ്‌ സേവനം വിലക്കിയിട്ടുണ്ട്. റമിറ്റൻസ് മേഖലയിൽ പ്രവർത്തിക്കുന്നതിന് കമ്പനിക്ക് നൽകിയ ലൈസൻസ് സാമ റദ്ദാക്കി.  എക്‌സ്‌ചേഞ്ചിന്റെ റേറ്റിംഗ് എ വിഭാഗത്തിൽ നിന്ന് ബി വിഭാഗമായി തരം താഴ്ത്തിയിട്ടുമുണ്ട്. കമ്പനിക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനുള്ള തീരുമാനം ഇന്നലെയാണ് സാമ കൈക്കൊണ്ടത്. സഈദ് അൽഅമൂദി എക്‌സ്‌ചേഞ്ചിന് മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നതിനുള്ള ലൈസൻസ് തുടരും. 


പണം വെളുപ്പിക്കൽ വിരുദ്ധ നിയമത്തിലെ വകുപ്പുകളും ഭീകര വിരുദ്ധ നിയമവും മണി എക്‌സ്‌ചേഞ്ച് നിയമങ്ങളും ലംഘിച്ചതാണ് റെമിറ്റൻസ് മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള അൽഅമൂദി കമ്പനിയുടെ ലൈസൻസ് റദ്ദാക്കുന്നതിന് കാരണം. സഈദ് അൽഅമൂദി കമ്പനിയിൽ നിന്ന് സാമ്പത്തിക അവകാശങ്ങൾ ലഭിക്കാനുള്ള ഉപയോക്താക്കൾ ഈയാവശ്യത്തോടെ കമ്പനിയെ സമീപിക്കണം.

ഇക്കാര്യത്തിൽ കമ്പനി അനുകൂലമായി പ്രതികരിക്കാത്ത പക്ഷം സാമയിലെ കസ്റ്റമർ കെയർ ഡിപ്പാർട്ട്‌മെന്റിനെ മൂന്നു മാസത്തിനകം സമീപിക്കണം. സാമ വെബ്‌സൈറ്റ് വഴിയും ടോൾഫ്രീ നമ്പറിൽ (8001256666) ബന്ധപ്പെട്ടും ഉപയോക്താക്കൾക്ക് പരാതികൾ നൽകാവുന്നതാണെന്ന് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി പറഞ്ഞു.

Latest News