ചെന്നൈ- രാജ്യത്ത് ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന കൊടും ക്രൂരതക്ക് അറുതി വരുത്തണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ദളിത്-ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെ മുസ്‌ലിം ലീഗ് ദേശവ്യാപകമായി നടത്തുന്ന കാമ്പയിന്റെ ഭാഗമായി തമിഴ്നാട് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ ലോകം കാണുന്നുണ്ട്. കേന്ദ്ര സർക്കാർ പക്ഷേ ഇവ കണ്ടില്ലെന്ന് നടിക്കുകയാണ്. അക്രമികളെ നിലക്ക് നിറുത്താൻ സർക്കാർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. മതത്തിന്റെ പേരു പറഞ്ഞ് ജാതിക്കോമരങ്ങൾ നിയമം കയ്യിലെടുക്കുമ്പോഴും നടപടി എടുക്കേണ്ടവർ മൗനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അക്രമങ്ങൾക്കെതിരെ മതേതര കക്ഷികളുടെ ശക്തമായ ഇടപെടലുകൾ ഉണ്ടാവണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫ എം.ഖാദർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. തമിഴ്നാട് ജനറൽ സെക്രട്ടറി കെ.എ.എം.അബൂബക്കർ എം എൽ എ സ്വാഗതം പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. ജുനൈദിന്റെ കുടുംബത്തിന് ചെന്നൈ കെ.എം.സി.സി സമാഹരിച്ച ഒരു ലക്ഷം രൂപ പാർട്ടി നേതാക്കൾക്ക് ചടങ്ങിൽ കൈമാറി.
മുസ്‌ലിം ലീഗ് തമിഴ്നാട് ട്രഷറർ എം.എസ്.എ ഷാജഹാൻ, സീനിയർ വൈസ് പ്രസിഡന്റ് എം അബ്ദുറഹ്മാൻ, സംസ്ഥാന സെക്രട്ടറിമാരായ കായൽ മെഹബൂബ്, അഡ്വ ജീവ ഗിരിധരൻ, പാർട്ടി നേതാക്കളായ സൈനുൽ അബിദീൻ, എം.എച്ച് ഇസ്മയിൽ എന്നിവർ സംസാരിച്ചു.