Tuesday , September   17, 2019
Tuesday , September   17, 2019

മൂന്നാറിൽ പിഞ്ചുകുഞ്ഞ് വീണ അപകടത്തിൽ ദുരൂഹത 

ബാലാവകാശ കമ്മീഷൻ കേസെടുത്തു 
കണ്ണൂർ - മൂന്നാറിൽ പിഞ്ചു കുഞ്ഞിനെ അർധരാത്രിയിൽ കാട്ടു പാതയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് റിപ്പോർട്ട്. സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. പി.സുരേഷ് കണ്ണൂരിൽ പറഞ്ഞു. 
സംഭവത്തിൽ ഇടുക്കി ജില്ലാ കലക്ടറോടും പോലീസ് സൂപ്രണ്ടിനോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളോടും സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവം വളരെ ഗൗരവമായാണ് കമ്മീഷൻ കാണുന്നത്. ഇത് അബദ്ധത്തിൽ സംഭവിച്ചതാണോ അതോ എന്തെങ്കിലും തരത്തിലുള്ള ഇടപെടലുകൾ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലെ സത്യാവസ്ഥ അറിയേണ്ടതുണ്ട്. 40 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച ശേഷമാണ് കുട്ടിയെ നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്നാണ് മാതാപിതാക്കൾ പറയുന്നത്. 
വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ പോലും കുട്ടികളുടെ സുരക്ഷിതത്വത്തിന് നടപടിയെടുക്കണമെന്നാണ് നിയമം അനുശാസിക്കുന്നതെന്നും ചെയർമാൻ പറഞ്ഞു.
കുട്ടികളുമായി ബന്ധപ്പൈട്ട് കമ്മീഷൻ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ മദ്രസകളടക്കമുള്ള മത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടക്കം ബാധകമാണെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് ബോധവത്കരണം ലക്ഷ്യമിട്ട് ഇതിനകം നാൽപതോളം ശിൽപശാലകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി. പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നത് ഒരു യാഥാർഥ്യമാണ്. കേരള ഹൈക്കോടതി അടക്കം ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പ്രവണതക്കെതിരെ സമൂഹത്തിൽ നിന്നു തന്നെ പ്രതികരണമുണ്ടാവണമെന്നും ചെയർമാൻ പറഞ്ഞു.
കുട്ടികളുടെ സുരക്ഷക്കായി കമ്മീഷൻ സംഘടിപ്പിക്കുന്ന സന്ദേശ പ്രചാരണ ബൈക്ക് റാലി വെള്ളിയാഴ്ച കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫഌഗ് ഓഫ് ചെയ്യും. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും പിഡനങ്ങളും ഇല്ലായ്മ ചെയ്യാൻ സമൂഹത്തെ 
ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഡ്രീം റൈഡേഴ്‌സ് കേരളയുമായി ചേർന്ന് ബൈക്ക് റാലി സംഘടിപ്പിക്കുന്നത്. 500 ഓളം റൈഡേഴ്‌സ് അടക്കം 2000 ത്തോളം പേർ പങ്കെടുക്കുന്ന റാലിയുടെ ആദ്യഘട്ടം 15 ന് തിരുവനന്തപുരത്ത് സമാപിക്കും. രണ്ടാം ഘട്ടം തമിഴ്‌നാട്ടിൽ നിന്നും ആരംഭിച്ച് വിവിധ സംസ്ഥാനങ്ങളിലൂടെ പര്യടനം നടത്തി ലഡാക്കിൽ സമാപിക്കും. വിവിധ സംസ്ഥാനങ്ങളിലെ ബാലാവകാശ കമ്മീഷനുകളാവും റാലിക്ക് സഹായം നൽകുക. കേരളത്തിൽ കോഴിക്കോട്, കോട്ടക്കൽ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങളിൽ ജന പ്രതിനിധികളും ഹൈക്കോടതി ജഡ്ജിജിമാരും അടക്കം മുഖ്യാതിഥികളായി എത്തും. കമ്മീഷൻ ഡയറക്ടർ എം.പി. ആന്റണി, കോ-ഓർഡിനേറ്റർ സുമേഷ് പി.പി എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
 

Latest News