ഇന്ത്യക്കാരനെ വാഹനം കയറ്റി കൊലപ്പെടുത്തിയ സൗദി യുവാക്കള്‍ അറസ്റ്റില്‍

റിയാദ് - ഇന്ത്യക്കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി കാര്‍ കവര്‍ന്ന് രക്ഷപ്പെട്ട രണ്ടു സൗദി യുവാക്കളെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. ടൊയോട്ട പ്രാഡോ ഇനത്തില്‍ പെട്ട കാറില്‍ സഞ്ചരിച്ച രണ്ടു യുവാക്കള്‍ ഇന്ത്യക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയതായി കഴിഞ്ഞ ഞായറാഴ്ച രാവിലെ ഒമ്പതു മണിക്കാണ് സുരക്ഷാ വകുപ്പുകള്‍ക്ക് വിവരം ലഭിച്ചതെന്ന് റിയാദ് പോലീസ് വക്താവ് ലെഫ്. കേണല്‍ ശാക്കിര്‍ അല്‍തുവൈജിരി പറഞ്ഞു.
ഇന്ത്യക്കാരനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഘത്തില്‍ പെട്ട ഒരാള്‍ ഹ്യൂണ്ടായ് എലാന്‍ട്ര ഇനത്തില്‍ പെട്ട കാര്‍ കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മുപ്പതു വയസ്സു വീതം പ്രായമുള്ള രണ്ടു സൗദി യുവാക്കളാണ് അറസ്റ്റിലായത്.
സംഘത്തില്‍ ഒരാള്‍ തോക്ക് ഉപയോഗിച്ച് പോലീസുകാരെ ചെറുക്കുന്നതിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പ്രതികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി റിയാദ് പോലീസ് വക്താവ് അറിയിച്ചു.

 

Latest News