Sorry, you need to enable JavaScript to visit this website.

ശരത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പാണക്കാട് തങ്ങള്‍ കുടുംബം

ശരത്തിനുള്ള വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു.

മലപ്പുറം- മഹാ പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട മലപ്പുറത്തെ ശരത്തിന് വീടും പറമ്പും സമ്മാനിച്ച് പാണക്കാട് തങ്ങള്‍ കുടുംബം. പാണക്കാട് ശിഹാബുദ്ദീന്‍ ഖബീല (കുടുംബ കൂട്ടായ്മ) യാണ് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിന് പുതിയ വീട് നിര്‍മിച്ചു നല്‍കുന്നത്. ഓഗസ്റ്റ് ഒന്‍പതിന് മലപ്പുറത്തെ ടൂറിസ്റ്റ് കേന്ദ്രമായ കോട്ടക്കുന്നില്‍ ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് വീട് തകര്‍ന്ന് ശരത്തിന്റെ അമ്മയും ഭാര്യയും ഒന്നര വയസ്സുള്ള മകനും മരിക്കുകയായിരുന്നു. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് കോട്ടകുന്നില്‍നിന്ന് കുത്തിയൊലിച്ചു വന്ന വെള്ളം തിരിച്ചുവിടാന്‍ ശരത്തും അമ്മയും വീടിന് പുറത്തിറങ്ങിയിരുന്നു. ഈ സമയത്ത് കോട്ടകുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞ് പാറയും മണ്ണും താഴെക്ക് പതിക്കുകയായിരുന്നു. ശരത് അദ്ഭുതകരമായി രക്ഷപ്പെട്ടു. അമ്മ മണ്ണിനടിയില്‍ പെട്ടു. മണ്ണും പാറയും വീണ് വീട് തകര്‍ന്ന് ശരത്തിന്റെ ഭാര്യയും കുട്ടിയും മണ്ണിനടിയിലായി. മൂന്നു ദിവസത്തിന് ശേഷമാണ് മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത്. ശരത്തും പിതാവ് സത്യനും സഹോദരന്‍ സജിനുമാണ് ഈ കുടുംബത്തില്‍ ബാക്കിയുള്ളത്.
ഈ കുടുംബത്തിന്റെ ദുരിതമറിഞ്ഞ പാണക്കാട് തങ്ങള്‍ കുടുംബം അവര്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബ കാരണവര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ വീട് നിര്‍മാണ പ്രഖ്യാപനവും നിര്‍മാണ സ്ഥലത്തെത്തി കുറ്റിയടിക്കല്‍ ചടങ്ങും നടന്നു. പട്ടര്‍ കടവിലാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. ആറു മാസത്തിനകം വീടിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്ന് പാണക്കാട് മുനവ്വറലി തങ്ങള്‍ പറഞ്ഞു. ചടങ്ങില്‍ സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, പി ഉബൈദുള്ള എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, കുഞ്ഞാപ്പു തങ്ങള്‍, മുത്തുപ്പ തങ്ങള്‍, സ്വാലിഹ് തങ്ങള്‍ കോഴിക്കോട് എന്നിവരും സംബന്ധിച്ചു.

 

Latest News