Monday , January   20, 2020
Monday , January   20, 2020

ധ്രുവീകരണത്തിന്റെ  അർധ സത്യങ്ങൾ

നെയ്തല്ലൂർ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത പോലീസിന് അഭിവാദ്യമർപ്പിച്ച് മറ്റൊരു മതസംഘടന തിരൂരിൽ പ്രകടനം നടത്തുകയുണ്ടായി. പോലീസുകാർ ചെയ്തത് അവരുടെ ഡ്യൂട്ടിയാണ്. സർക്കാരിൽനിന്ന് അവർ ശമ്പളം പറ്റുന്നത് അറസ്റ്റ് എന്ന ഡ്യൂട്ടി കൂടി ചെയ്യാനാണ്. അതിന് ആരുടെയും അഭിവാദ്യത്തിന്റെ ആവശ്യമില്ല. പോലീസിനോടുള്ള സ്നേഹം മൂത്തുള്ള അഭിവാദ്യമായി അതിനെ കാണാനുമാകില്ല. ക്ഷേത്രം ആക്രമിച്ചയാളുടെ ഉദ്ദേശ്യം തന്നെയാകാം അഭിവാദ്യ പ്രകടനത്തിന് നേതൃത്വം നൽകിയവർക്കുമുള്ളത്. 

 

സാമുദായിക സൗഹാർദത്തിന്റെയും മതമൈത്രിയുടെയും ചരടുകളെ പരസ്പരം കൂട്ടിയിണക്കിയാണ് കേരള സമൂഹം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. വർഗീയ വിദ്വേഷത്തിന്റെ വിത്തുകൾക്ക് പൊട്ടിമുളക്കാനോ വളർന്നു പന്തലിക്കാനോ അവസരം നൽകാതിരിക്കാനാണ് കേരളത്തിലെ ജനസമൂഹം പൊതുവെ താൽപര്യപ്പെടുന്നത്. 
മതവൈരം മൂലമുണ്ടാകുന്ന അക്രമങ്ങളും മറ്റ് അനിഷ്ട സംഭവങ്ങളും ജീവഹാനികളിലേക്കും മാനസികമായ അകൽച്ചയിലേക്കുമാണ് നയിക്കപ്പെടുകയെന്ന പാഠം നമുക്ക് മുന്നിലുണ്ട്. വർഗീയത വളർത്തി രാഷ്ട്രീയ ലാഭം കൊയ്യാൻ കാത്തിരിക്കുന്നവരുണ്ടാകാം. അവർക്ക് വളമേകാൻ തയാറില്ലെന്ന് പ്രഖ്യാപിക്കുന്ന സമാധാന പ്രിയരും മാനവികതയുടെ പ്രായോക്താക്കളുമായ ആളുകളാണ് കേരള സമൂഹത്തിൽ വലിയൊരു പങ്കും.
എല്ലാ മതവിഭാഗങ്ങളിലും സമാധാന പ്രിയരായ വലിയൊരു വിഭാഗവും വർഗീയതയുടെ കനൽ പാകാൻ കാത്തിരിക്കുന്ന ചെറിയൊരു വിഭാഗവുമുണ്ട്. ഇവർ തമ്മിൽ ആശയപരമായും പ്രായോഗികമായും രണ്ടു ധ്രുവങ്ങളിലായി കഴിയുന്നവരുമാണ്. എന്നാൽ പലപ്പോഴും വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുകയും മതമൈത്രി തകർക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്യുന്ന ഒരു വിഭാഗം സമൂഹത്തിലേക്ക് തള്ളി വിടുന്ന വിപത്ത് ചെറുതല്ല. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് നെയ്തല്ലൂർ എന്ന ഗ്രാമത്തിലെ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണം സാമുദായികമായ സൗഹാർദം തച്ചുതകർക്കാൻ പാകത്തിലുള്ളതായിരുന്നു. 
പോലീസ് അന്വേഷണത്തിലൂടെ യഥാർഥ പ്രതിയെ കണ്ടെത്തിയതോടെയാണ് വലിയൊരു വിപത്ത് വഴി മാറിപ്പോയത്.
മതത്തെ, അതിന്റെ അനുകർത്താക്കൾ പല രീതിയിലാണ് പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. ദൈവികമായ സൗന്ദര്യത്തെ അതേ അർത്ഥത്തിൽ ഉൾക്കൊള്ളുകയും സമാധാനപരമായി വിശ്വസിക്കുകയും ചെയ്യുന്ന ഒരു വിഭാഗവും പൈശാചികമായ വഴികളിലേക്ക് മതത്തെ വലിച്ചിഴക്കുകയും ചെയ്യുന്ന വേറൊരു വിഭാഗവും ചേർന്നതാണ് ഇന്നു കാണുന്ന മതം. 
പിശാചിന്റെ വഴി തേടുന്നവർ പലപ്പോഴും സ്വന്തം സമുദായം കൂടി അതിന്റെ തിക്താനുഭവങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ചിന്തിക്കാറില്ല. സമൂഹത്തിൽ തെറ്റിദ്ധാരണകൾ പരത്തുകയും അതിലൂടെ സാമുദായികമായ ചേരിതിരിവ് സൃഷ്ടിക്കുകയും മനുഷ്യരെ പരസ്പരം സംശയത്തിന്റെ നിഴലിലേക്ക് മാറ്റി നിർത്തുകയും ചെയ്യുന്ന പ്രവൃത്തികളാണ് ഇത്തരക്കാർ നടത്തുന്നത്. നല്ല അയൽക്കാരായി കഴിയുന്ന വ്യത്യസ്ത മതക്കാർക്കിടയിൽ വിദ്വേഷത്തിന്റെ മതിൽകെട്ടുകൾ തീർക്കാൻ ഇവരുടെ രഹസ്യ നീക്കങ്ങൾക്ക് കഴിയുന്നു. സത്യം വെളിപ്പെടാൻ കാലമെടുക്കുന്തോറും വിദ്വേഷത്തിന്റെ വിടവുകൾ വലുതായിക്കൊണ്ടിരിക്കും.
നെയ്തല്ലൂർ ക്ഷേത്രം ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായത് ഒരു ഹിന്ദു മതവിശ്വാസിയാണ്. ഒരോ വിശ്വാസിയും ഏത് മതത്തിൽ പെട്ടാലും അഭിമാനത്തോടെ കാണുന്ന വിശ്വാസ കേന്ദ്രങ്ങളാണ് ആരാധനാലയങ്ങൾ. ഇതര മതങ്ങളിൽ പെട്ടവരും ആരാധനാലയങ്ങളോട് ബഹുമാനം പുലർത്തുന്ന നാടാണ് കേരളം. സ്വന്തം വിശ്വാസത്തിന്റെ അടയാളമായ ആരാധനാലയത്തിന് നേരെ അതേ മതത്തിൽ പെട്ട വിശ്വാസി ആക്രമണം നടത്തുകയെന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്. മാനസിക വൈകല്യമുള്ളവർ ചില നേരങ്ങളിൽ വഴിവിട്ടു പ്രവർത്തിച്ചേക്കാം. എന്നാൽ സ്വബുദ്ധി നശിച്ചിട്ടില്ലാത്ത ഒരാൾ ഇത്തരം ഹീനകൃത്യം നടത്തുമ്പോൾ അതിൽ പലതും സംശയിക്കേണ്ടി വരും. സ്വന്തം ആരാധനാലയം രഹസ്യമായി ആക്രമിച്ച് അതിന്റെ പേരിൽ മറ്റു മതവിഭാഗക്കാരെ സംശയത്തിന്റെ മുനയിൽ നിർത്തിയുള്ള പ്രചാരണം അത്യന്തം അപകടകരമാണ്. ഒരു മതത്തിന്റെയും വിശ്വാസ തത്വങ്ങൾ ഇത്തരം ചെയ്തികൾക്ക് കൂട്ടുനിൽക്കില്ല. കുപ്രചാരണങ്ങൾക്ക് പിന്നിൽ സംഘടിത ശ്രമങ്ങൾ ഉണ്ടെങ്കിൽ അതു കൂടി അന്വേഷണത്തിലൂടെ കണ്ടെത്തി സമൂഹത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്.
നെയ്തല്ലൂർ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത പോലീസിന് അഭിവാദ്യമർപ്പിച്ച് മറ്റൊരു മതസംഘടന തിരൂരിൽ പ്രകടനം നടത്തുകയുണ്ടായി. പോലീസുകാർ ചെയ്തത് അവരുടെ ഡ്യൂട്ടിയാണ്. സർക്കാരിൽനിന്ന് അവർ ശമ്പളം പറ്റുന്നത് അറസ്റ്റ് എന്ന ഡ്യൂട്ടി കൂടി ചെയ്യാനാണ്. അതിന് ആരുടെയും അഭിവാദ്യത്തിന്റെ ആവശ്യമില്ല. പോലീസിനോടുള്ള സ്നേഹം മൂത്തുള്ള അഭിവാദ്യമായി അതിനെ കാണാനുമാകില്ല. ക്ഷേത്രം ആക്രമിച്ചയാളുടെ ഉദ്ദേശ്യം തന്നെയാകാം അഭിവാദ്യ പ്രകടനത്തിന് നേതൃത്വം നൽകിയവർക്കുമുള്ളത്. മതവിദ്വേഷം വളർത്താൻ കഴിവുള്ള സംഭവങ്ങളെ സമൂഹത്തിന്റെ മനസ്സിൽ ജ്വലിപ്പിച്ച് നിർത്തുകയെന്നത് ഇത്തരം സംഘടനകളുടെ നിലനിൽപിന്റെ ആവശ്യകതയാണ്. 
വിദ്വേഷത്തിന്റെ വിത്തുകളെ സുന്ദരമായ പുറംചട്ട കൊണ്ട് പൊതിഞ്ഞ് സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന തന്ത്രങ്ങളെ സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
മതവിദ്വേഷത്തിന്റെ വിത്തുകൾ പാകാൻ രഹസ്യമായി നടക്കുന്ന ശ്രമങ്ങളുടെ സത്യാവസ്ഥകൾ പലപ്പോഴും സമൂഹത്തിന് മുന്നിൽ എത്താറില്ല. അന്യമതസ്ഥരെ സംശയത്തിന്റെ നിഴലിൽ നിർത്താൻ വേണ്ടിയുള്ള കുബദ്ധിയായി പല സംഭവങ്ങളും സംശയിക്കപ്പെടുന്നുണ്ട്.  മലപ്പുറം ജില്ലയിൽ ഏറെ കാലമായി തെളിയാതെ കിടക്കുന്ന കുറെ കേസുകളുണ്ട്. ക്ഷേത്രങ്ങൾ, പള്ളികൾ, മതങ്ങളുമായും അവയുടെ സംസ്‌കാരങ്ങളുമായും ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവ ആക്രമിക്കപ്പെട്ട സംഭവങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഏറെയുണ്ടായിട്ടുണ്ട്. ഇതിന്റെ പേരിൽ മതങ്ങൾ പരസ്പരം പഴിചാരി കഴിയുകയും ചെയ്യുന്നു.
 ഈ ആക്രമണങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് പുറത്തു വരാത്തിടത്തോളം കാലം സംശയത്തിന്റെ കാർമേഘങ്ങൾ പെയ്‌തൊഴിയാതെ നിൽക്കും. പല കേസുകളിലും അന്വേഷണം പാതിവഴിയിൽ അവസാനിക്കുകയാണുണ്ടായത്. ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാമുദായിക ഐക്യവും മതമൈത്രിയും സംശയത്തിന്റെ നിഴലിലേക്ക് തള്ളിമാറ്റപ്പെടുന്ന അവസ്ഥ വളരാൻ അനുവദിച്ചുകൂടാ. മതത്തിന്റെ പേരിൽ വിപത്തുകൾ വളരാത്ത, എല്ലാവരും ഒന്നുപോലെ, ആമോദത്തോടെ കഴിയുന്ന നാടാണ് മലയാളിയുടെ മനസ്സിലുള്ളത്. അത് തകർക്കാൻ ഗൂഢശ്രമങ്ങൾ നടത്തുകയും അർധസത്യങ്ങൾ വിളമ്പുകയും ചെയ്യുന്നവർക്കെതിരെ സമൂഹത്തിന്റെ കൂട്ടായ ചെറുത്തുനിൽപ് അനിവാര്യമാണ്.

 

 

Latest News