Sorry, you need to enable JavaScript to visit this website.
Sunday , July   12, 2020
Sunday , July   12, 2020

സോമാലി ലാന്റിലേക്ക് ഒരു യാത്ര

ചില കാഴ്ചകൾ കേട്ടറിവിനേക്കാൾ മനോഹരമായിരിക്കും. പ്രതീക്ഷയേക്കാൾ വലിയ ആസ്വാദനമായിരിക്കും. നാട്ടിൽ നല്ല മഴ പെയ്യുന്ന കാലം കൊച്ചിയിൽ നിന്നും ഷാർജ വഴിയാണ് ആഫ്രിക്കയിലെ സോമാലി ലാന്റിലേക്കുള്ള യാത്ര.  യാത്രയുടെ ഒരാഴ്ച മുമ്പ് തന്നെ പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നു. മലപ്പുറത്ത് നിന്നും കൊച്ചിയിലേക്ക് ലോ ഫ്‌ളോറിൽ.  കൊച്ചിയിൽ നിന്നും വൈകിട്ട് എട്ട് മണിക്ക് കയറിയ വിമാനം പ്രാദേശിക സമയം പതിനൊന്നിന് ഷാർജയിൽ. നാല് മണിക്കൂറോളം ഷാർജ എയർപോർട്ടിൽ തള്ളി നീക്കിയ ശേഷം ആഫ്രിക്കയിലെ സോമാലി ലാന്റിലെ ഹെർജയ്‌സ ഈഗിൾ ഇന്റർ നാഷണൽ എയർപോർട്ടിലേക്കുള്ള അനൗൺസ്‌മെന്റ് വന്നു. കൗണ്ടറിന് മുന്നിൽ വളരെ കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളൂ. കൗണ്ടറിലെ ഉദ്യോഗസ്ഥൻ കുശലാന്വേഷത്തിനിടയിൽ അവിടെ നിങ്ങളെ സ്വീകരിക്കാൻ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു. ഉണ്ട് എന്ന് പറഞ്ഞതിനാൽ യു ആർ വെൽകം.  ഇരുന്നൂറോളം സീറ്റുകൾ ഉള്ള വിമാനത്തിൽ ജോലിക്കാർ ഉൾപ്പെടെ മുപ്പതിൽ താഴെ മാത്രം യാത്രക്കാരുമായി പുലർച്ചെ മൂന്ന് മുപ്പതിന് യാത്ര ആരംഭിച്ചു. യാത്രക്കാർ കുറവായതിനാൽ കിടന്നുറങ്ങിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. രാവിലെ ഏഴ് മണിക്ക് ഹെർജയ്‌സ ഈഗിൾ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തി. എമിഗ്രേഷൻ കൗണ്ടറിൽ അറുപത് ഡോളർ അടച്ച് പത്ത് മിനിട്ടിനുള്ളിൽ പുറത്തിറങ്ങി. ടെലി സോമിന്റ ഒരു    സിം കാർഡ് കൂടി വാങ്ങി. പുറത്ത്  സുഹൃത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു. വളരെ ചെറിയ ഒരു എയർപോർട്ടാണ്. ഒരു ചെറിയ ഉദ്യാനത്തിന്റ പ്രതീതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്കുള്ള വഴി ആശ്ചര്യജനകമാണ്. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിലൂടെ   സഞ്ചരിക്കുന്ന പ്രതീതിയാണ് അനുഭവപ്പെട്ടത്. റോഡിന് ഇരുവശവും ചെറിയ കുടിലുകളും കൊച്ചു കടകളും മാത്രമാണ്. അംബര ചുംബികളായ സൗധങ്ങളോ  നല്ലൊരു റോഡ് പോലുമോ കാണാൻ സാധിച്ചില്ല.
കിഴക്കൻ ആഫ്രിക്കയിലെ സോമാലിയയിൽ  നിന്ന് വേറിട്ട് റിപ്പബ്ലിക്കായ ഒരു മേഖലയാണ് സോമാലി ലാന്റ്.  


1991 ൽ സ്വതന്ത്രമായി രൂപപ്പെട്ട രാജ്യമാണ്. ബ്രിട്ടൻ അംഗീകരിച്ച് എന്നതൊഴിച്ചാൽ മറ്റേതെങ്കിലും രാജ്യമോ  അന്താരാഷ്ട്ര സംഘടനകളോ ഇതുവരെ അംഗീകരിച്ചിട്ടില്ല.
ഹെർജയ്‌സ തലസ്ഥാനവും ഔദ്യോഗിക ഭാഷ സോമാലിയയും തുടർ ഭാഷകളായി ഇംഗ്ലീഷും അറബിയും ഉപയോഗിക്കുന്നു.
നിലവിൽ പ്രസിഡന്റ് ഭരണവും ഇസ്‌ലാമിക നിയമ വ്യവസ്ഥയുമാണ്. 1,37,600 ചതുരശ്ര കിലോമീറ്റർ  വിസ്തീർണവും 45 ലക്ഷം  ജനസംഖ്യയുമുണ്ട്.
കറൻസി സോമാലിലാന്റ് ഷില്ലിംഗ്. കൂടുതലായും വിനിമയം നടത്തുന്നത് അമേരിക്കൻ ഡോളറിലും പേടിഎം  വഴിയുമാണ്. സോമാലി ലാന്റിന്റെ തെക്ക് പടിഞ്ഞാറ് എത്യോപ്യയും ജിബൂത്തി പടിഞ്ഞാറും ഏതൻ കടലിടുക്ക് വടക്ക് ഭാഗത്തായും,പുണ്ട്‌ലാന്റ് കിഴക്കായും സ്ഥിതി ചെയ്യുന്നു. പ്രൈമറി വിദ്യാഭ്യാസം സർക്കാർ സൗജന്യമായി നൽകി വരുന്നു. ലോകത്തുള്ള എല്ലാവരെയും രാഷ്ട്ര പുനർനിർമാണത്തിനും കച്ചവടത്തിന് മുതൽ മുടക്കാനും സർക്കാർ ക്ഷണിക്കുന്നു. പ്രധാനമായും കൃഷിയെ ആശ്രയിക്കുന്നു. ആട്, ഒട്ടകം കയറ്റുമതിയാണ് വരുമാന മാർഗം. വിശാലമായ തെരുവുകൾ, നടപ്പാതകൾ, ഭംഗിയുള്ള വിളക്ക് കാലുകൾ, തണൽ മരങ്ങൾ, പൂന്തോട്ടങ്ങൾ എന്നിവയൊക്കെ  നിർമാണ ഘട്ടത്തിലാണ്.
ഹെർജയ്‌സ, ബർബറ, ബോർമ, വൊചാലെ, ബുറോ, ഗിബീലി, ലാസ് സനൂപ് എന്നിവയാണ് പ്രധാന പട്ടണങ്ങൾ. ഹെർജയ്‌സയിലാണ്  വിമാനത്താവളം. ബർബറ തുറമുഖത്ത് കപ്പൽ ചരക്ക് നീക്കങ്ങൾ  നടക്കുന്നു. ദൂര യാത്രയിൽ സെക്യൂരിറ്റി ജീവനക്കാർ ഇല്ലാതെ യാത്ര ചെയ്യാൻ ചെക്ക് പോസ്റ്റിൽ നിന്നും അനുവാദം നൽകുന്നില്ല. പ്രധാനപ്പെട്ട ഹോട്ടലുകളും അപ്പാർട്ട്‌മെന്റുകളും സുരക്ഷ ഗാർഡുകളുടെ നിയന്ത്രണത്തിലാണ്. മിത ശീതോഷ്ണമാണ് കാലാവസ്ഥ.

Latest News