Sorry, you need to enable JavaScript to visit this website.

ആർക്കും വേണ്ടാത്ത കരിപ്പൂർ വിമാനത്താവളം 

കേരളത്തിൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള വിമാനത്താവളമെന്ന ബഹുമതി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് കൈവന്നിരിക്കുകയാണ്. മൂന്ന് വർഷമായി ഞെക്കിക്കൊല്ലാൻ തീവ്ര ശ്രമം നടക്കുന്നതിനിടെയാണ് പ്രവാസികളുടെ സ്വന്തം എയർപോർട്ട് അഭിമാനകരമായ നേട്ടം കൈവരിച്ചത്. നന്ദി പറയേണ്ടത് സൗദി അറേബ്യൻ എയർലൈൻസിനോട്. പ്രവാസികൾക്ക് മാത്രമേ ഈ താവളത്തോട് താൽപര്യമുള്ളൂ. മലബാർ പ്രദേശത്ത് നിന്നുള്ള മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും വിഷയത്തിൽ ഒട്ടും താൽപര്യമെടുക്കാത്തവരാണ്. 
കേരള മുഖ്യമന്ത്രി മുൻകൈയെടുത്ത് അടുത്തിടെ തിരുവനന്തപുരത്ത് വിമാന കമ്പനി അധികൃതരുടെ യോഗം വിളിച്ചു ചേർത്തു. 39 പുതിയ ആഭ്യന്തര സർവീസുകൾ കേരളത്തിൽ നിന്ന് ആരംഭിക്കാൻ ധാരണയായി. ഇതിൽ ഒരെണ്ണം പോലും കോഴിക്കോട്ട് നിന്ന് ഇല്ല. പൊതുമേഖലയിൽ നിലനിൽക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ ശ്രദ്ധിച്ചിട്ടെന്ത് ഗുണം? 
കേരള മുഖ്യമന്ത്രി കർണാടക മുഖ്യമന്ത്രിക്ക് ഒരു കത്തയച്ചിട്ടുണ്ട്. തലശ്ശേരി-കുടക് റോഡിലെ കർണാടകയിലെ ഭാഗങ്ങൾ  വേഗം അറ്റകുറ്റപ്പണി തീർക്കണമെന്നതാണ് ആവശ്യം. കണ്ണൂർ വിമാനത്താവളത്തിലേക്ക് വരുന്ന കർണാടക അതിർത്തിയിലും കൂട്ടുപുഴക്കിപ്പുറവമുള്ള ആളുകൾ ബുദ്ധിമുട്ടരുതല്ലോ. 
കണ്ണൂർ ജില്ലയിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് ഇപ്പോൾ മൂന്ന് റോഡുകളുടെ നിർമാണം പുരോഗമിച്ചു വരുന്നത്. കോഴിക്കോട്ടെ കുറ്റിയാടിയിൽ നിന്ന് പാനൂർ, കൂത്തുപറമ്പ് വഴി മൂർഖൻ പറമ്പിലേക്ക്, തലശ്ശേരിയിൽ നിന്ന് കൂത്തുപറമ്പ് തൊക്കിലങ്ങാടി വഴി മട്ടന്നൂർ, കണ്ണൂരിൽ നിന്ന് അഞ്ചരക്കണ്ടി വഴി മട്ടന്നൂർ എയർപോർട്ട് എന്നിവയാണ് റോഡുകൾ. ആയിരം കോടിയിലേറെ ചെലവിൽ നടക്കുന്ന റോഡ് നിർമാണം പ്രളയ ദിനങ്ങളിൽ മാത്രമാണ് മുടങ്ങിയത്. 
സുൽത്താൻ ബത്തേരി, വടകര, കാഞ്ഞങ്ങാട്, പൊന്നാനി തുടങ്ങി മലബാറിലെ മിക്ക കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് ലോ ഫ്‌ളോർ ബസുകൾ സർവീസ് നടത്തുന്നു. കോഴിക്കോട് നഗരത്തിൽ നിന്ന് പോലും കരിപ്പൂരിലേക്ക് ഇത്തരമൊരു സൗകര്യമില്ല. 


കോഴിക്കോട് നഗരാതിർത്തിയായ രാമനാട്ടുകര മുതൽ കരിപ്പൂർ എയർപോർട്ട് വരെയുള്ള 12 കിലോ മീറ്റർ റോഡ് വീതി കൂട്ടണമെന്ന് പറയാൻ ഒരു പുംഗവനും രംഗത്ത് വരുന്നില്ല. 
ഒരു വർഷം പ്രായമാകാത്ത കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മിക്കവാറും എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും എയർ ഇന്ത്യ എക്‌സ്പ്രസ് പറക്കുന്നു. ആഭ്യന്തര സർവീസുകൾ കരിപ്പൂരിൽ റദ്ദാക്കുമ്പോൾ കണ്ണൂരിൽ ഏറി വരുന്നു. 
ജൂലൈ മാസത്തിൽ കരിപ്പൂരിൽ വൺവേ ടിക്കറ്റെടുത്ത് വന്നിറങ്ങിയ വടകര സ്വദേശിയായ ബഹ്‌റൈനിലെ ബിസിനസുകാരൻ ഓഗസ്റ്റ് അവസാനം മടക്ക യാത്രയ്ക്ക് മുംബൈ, കൊച്ചി, കാലിക്കറ്റ് ഫെയറുകളെല്ലാം താരതമ്യം ചെയ്ത് അവസാനം കണ്ണൂർ വഴി തിരിച്ചു പോയത് ഏറ്റവും ആകർഷക നിരക്കിൽ ടിക്കറ്റ് ലഭിച്ചതിനാലാണ്. കിയാലിനെ ബിസിനസ് ആരും പഠിപ്പിക്കേണ്ടതില്ലെന്ന് ചുരുക്കം. 
ആലത്തൂരിലെ പാട്ടു പാടുന്ന പെങ്ങളൂട്ടി മുതൽ പ്രധാനമന്ത്രിയാവാൻ വയനാട്ടിലെത്തിയ നേതാവ് വരെ കാലിക്കറ്റിന്റെ പരിധിയിലെ എം.പിമാരാണ്. കോഴിക്കോട്ടെ കരയുന്ന എം.പിയും ലീഗിന്റെ തലതൊട്ടപ്പനും പ്രസംഗ കലയിൽ അഗ്രഗണ്യനും പ്രവാസി വ്യവസായിയും ട്രേഡ് യൂനിയൻ പോരാളിയുമെല്ലാം കാലിക്കറ്റ് പരിധിയിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളാണ്. സ്വകാര്യവൽക്കരിച്ചില്ലെങ്കിൽ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. ഇതാണ് കാലിക്കറ്റ് എയർപോർട്ടിന്റെ ഇന്നത്തെ സ്ഥിതി.  ഇതിനൊക്കെ പുറമെ കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്നുള്ള മന്ത്രി പറയുന്നു, വയബിലിറ്റി സ്റ്റഡിയൊന്നും കാലിക്കറ്റിന് അനുകൂലമല്ലെന്ന്. ആരാണ് ഇത്തരമൊരു സാധ്യതാ പഠനം നടത്തിയത്?  മറ്റൊരുടെയോ താൽപര്യം സംരക്ഷിക്കാൻ കാലിക്കറ്റിൽ വലിയ വിമാനങ്ങൾക്ക് മൂന്ന് വർഷം വിലക്കേർപ്പെടുത്തിയിരുന്നു. ഇത് കഴിഞ്ഞ് ജിദ്ദ-കാലിക്കറ്റ് സെക്ടറിൽ സർവീസ് പുനരാരംഭിച്ച സൗദി എയർലൈൻസ് റിയാദിലേക്കും പറക്കുന്നു. സൗദിയുടെ ബജറ്റ് എയർലൈനായ ഫ്‌ളൈ നാസ് അടുത്ത മാസം കോഴിക്കോട്ടേക്ക് വരുന്നു. മറ്റെന്തൊക്കെയോ കാരണങ്ങളാൽ കാലിക്കറ്റ്-ജിദ്ദ പുനരാരംഭിക്കാൻ മടിച്ചു നിൽക്കുകയാണ് എയർ ഇന്ത്യ. മൂന്ന് വർഷം മുമ്പ് കൊച്ചിയിലേക്ക് മാറ്റി എയർ ഇന്ത്യ അടുത്തിടെ ഗത്യന്തരമില്ലാതെ ഇന്ധനത്തിനായി കരിപ്പൂരിൽ ലാന്റ് ചെയ്യേണ്ടി വന്നു. 
ജിദ്ദ-കാലിക്കറ്റ് സെക്ടറിൽ പുനരാരംഭിച്ച സൗദിയ സർവീസ് യാത്രക്കാരെ ഏറെ ആകർഷിച്ചുവെന്ന് കണക്കുകൾ സ്ഥിരീകരിക്കുന്നു. മുമ്പ് എയർ ഇന്ത്യ നടത്തിയ സമയക്രമത്തിലും ആകർഷകമാണ് ടൈം ടേബിൾ. രാത്രി രണ്ടിന് ജിദ്ദ വിട്ട് ഒരുറക്കം കഴിയുമ്പോഴേക്ക് രാവിലെ പത്ത് കഴിഞ്ഞ് കോഴിക്കോട്ട് ലാന്റ് ചെയ്യുന്നു. 300-350 സീറ്റുകളിൽ മിക്ക ദിനങ്ങളിലും 80-90 ശതമാനത്തിലേറെ യാത്രക്കാർ. ദമാമുൾപ്പെടെ സൗദി അറേബ്യയുടെ വിദൂര നഗരങ്ങളിൽ നിന്ന് പോലും ജിദ്ദയിലെത്തി കോഴിക്കോട്ടേക്ക് പറക്കുന്ന കുടുംബങ്ങളാണ് യാത്രക്കാരിൽ ഏറിയ പങ്കും. അബഹ, ഹായിൽ, അറാർ, അൽജൗഫ് എന്നെല്ലാം യാത്രക്കാരുടെ ലഗേജുകളിൽ രേഖപ്പെടുത്തിയത് ഇക്കാര്യം സ്ഥിരീകരിക്കുന്നു. 
ബലി പെരുന്നാളിന് അൽപം മുമ്പ് ജൂലൈ 27 ന് ജിദ്ദ - കാലിക്കറ്റ് സൗദി എയർലൈൻസ് വിമാനം നിറയെ യാത്രക്കാരുമായാണ് പറന്നത്. 
ടേക്ക് ഓഫ് കഴിഞ്ഞ് എയർഹോസ്റ്റസുമാർ ഫുഡ് സെർവ് ചെയ്തു തുടങ്ങിയപ്പോഴാണ് രസം. എല്ലാവർക്കും നോൺ വെജ് മതി. അവസാന നിരയിലിരുന്ന മലപ്പുറം പെരിന്തൽമണ്ണയിലേക്കുള്ള യുവാവിന് വെജ് ബിരിയാണി നൽകിയപ്പോൾ മൂപ്പർക്ക് അത് ഒട്ടും രസിച്ചില്ല. 
നോ, താങ്ക്‌സ് പറഞ്ഞ് പക്കാ നോൺ വെജായ യുവാവ് ഭക്ഷണം നിരസിക്കുകയായിരുന്നു. ഇത്രയേറെ തിരക്കേറുമ്പോൾ അഭിരുചിക്കൊത്ത ഭക്ഷണം എല്ലാവർക്കും നൽകാൻ കഴിയണമെന്നില്ലല്ലോ. മുന്നൂറിലേറെ യാത്രക്കാരുമായുള്ള പതിവ് പറക്കൽ ഈ റൂട്ടിലെ ഫീസിബിലിറ്റിയെ കുറിച്ച് കൃത്യമായ ചിത്രം നൽകുന്നു,  മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ഇത് തിരിച്ചറിയാൻ ബുദ്ധിമുട്ടാണെങ്കിലും.

Latest News