Sorry, you need to enable JavaScript to visit this website.

ജനസമ്പര്‍ക്കം വിപുലീകരിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്; പ്രേരക്മാരെ നിയോഗിക്കും

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ മറികടക്കാന്‍ കോണ്‍ഗ്രസ്  ബഹുജന സമ്പര്‍ക്ക പരിപാടികള്‍ വിപുലീകരിക്കുന്നു. പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളും ചരിത്രവും പ്രവര്‍ത്തകരെ പഠിപ്പിക്കാനും പരിശീലനം നല്‍കാനും ആര്‍.എസ്.എസ് മാതൃകയില്‍ പ്രേരക്മാരെ നിയോഗിക്കാനാണ് നീക്കം.
താഴെ തട്ടില്‍ ജനങ്ങളുമായി ഇടപഴകാന്‍ പ്രവര്‍ത്തകരെ സജ്ജരാക്കാന്‍ പ്രേരക്മാര്‍ക്കു സാധിക്കുമെന്നാണ് പ്രതീക്ഷ.   ആര്‍.എസ്.എസിന് തങ്ങളുടെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് പ്രചാരകരും മുഴുവന്‍ സമയ പ്രവര്‍ത്തകരുമുണ്ട്. ശാഖകളും മറ്റും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
ഈ മാസം മൂന്നിന് കോണ്‍ഗ്രസ് ദല്‍ഹിയില്‍ സംഘടിപ്പിച്ച മുഴുദിന ശില്‍പശാലയിലാണ് പ്രേരക് എന്ന ആശയം ഉയര്‍ന്നുവന്നത്. തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ആര്‍.എസ്എസിന്റെ ജനകീയ സമ്പര്‍ക്ക മാതൃക സ്വീകരിക്കണമെന്ന് അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ തരുണ്‍ ഗൊഗോയി മാസങ്ങള്‍ക്ക് മുമ്പ് നിര്‍ദേശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സമാന ആശയം ശില്‍പശാലയില്‍ ഉയര്‍ന്നുവന്നത്. അഞ്ച് ജില്ലകള്‍ അടങ്ങിയ ഒരു ഡിവിഷന് ഒരു പ്രേരക് ഉണ്ടാകും. മൂന്ന് മാസത്തോളം പ്രേരക്മാരുടെ പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷമായിരിക്കും  അവരുടെ സ്ഥിര നിയമനം. എല്ലാമാസവും അവലോകനങ്ങളും നടത്തും.

പ്രേരക്മാരാകാന്‍ അനുയോജ്യമായവരുടെ പട്ടിക തയ്യാറാക്കി നല്‍കാന്‍ സംസ്ഥാന കമ്മിറ്റികളോട് എ.ഐ.സി.സി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 12-ന് എഐസിസി ജനറല്‍ സെക്രട്ടറിമാര്‍,സംസ്ഥാന ചുമതലയുള്ള നേതാക്കള്‍, സംസ്ഥാന അധ്യക്ഷന്‍മാര്‍ എന്നിവരുടെ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളുണ്ടാകും.

 

Latest News