Sorry, you need to enable JavaScript to visit this website.

കമ്യൂണിസ്റ്റുകാർ ഉത്തരവാദിത്തത്തോടെ  പ്രവർത്തിക്കണം -കോടിയേരി

കണ്ണൂർ- കമ്യൂണിസ്റ്റുകാർ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചടയൻ ദിനാചരണത്തോടനുബസിച്ച് കമ്പിൽ ടൗണിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.
രാജ്യത്ത് ജനാധിപത്യപരമായ പ്രവർത്തനങ്ങൾ അനുവദിക്കുന്നില്ല. ഫാസിസ്റ്റ് രീതിയിലുള്ള പ്രവർത്തനമാണ് ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. വലിയ പ്രതിസന്ധിയാണ് ഇന്ന് രാജ്യം അനുഭവിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ പണമുള്ള പാർട്ടി ബി.ജെ.പിയാണ്. 45 വർഷത്തിനിടക്ക് തൊഴിലില്ലായ്മ രൂക്ഷമായ കാലഘട്ടമാണിത്. കോൺഗ്രസ് നേതാക്കളെല്ലാം ബി.ജെ.പിക്ക് കീഴ്‌പെടുന്നു. അതിന് ഉദാഹരണമാണ് ശശി തരൂർ. ഐ.എ.എസ് ഉദ്യോഗസ്ഥൻമാർ രാജിവെക്കുന്ന സാഹചര്യമാണ്. 
കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുള്ള ശ്രമമാണ് കേന്ദ്ര ഗവൺമെന്റ് സ്വീകരിക്കുന്നത.് ഇതിന് മുന്നിൽ മുട്ട് മടക്കില്ല. കേന്ദ്രം സഹായിച്ചെങ്കിൽ വികസനത്തിൽ കേരളം ഒന്നാമതെത്തുമായിരുന്നു -കോടിയേരി പറഞ്ഞു.
യു.ഡി.എഫ് ശിഥിലമായി കൊണ്ടിരിക്കുന്നു. രാമക്ഷേത്രം, കശ്മീർ വിഷയങ്ങളിൽ തരൂരിന്റെ അഭിപ്രായം ബി.ജെ.പിക്ക് കീഴടങ്ങി എന്ന സൂചനയാണ് നൽകുന്നത്. യു.ഡി.എഫ് അനുദിനം തകരുന്ന കപ്പലാണ്.
കേന്ദ്ര മോട്ടോർ വാഹന നിയമം നടപ്പാക്കുന്നത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഫെഡറൽ ഘടനയെ തകർക്കുന്ന ഒന്നാണിത.് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം എന്ന വ്യവസ്ഥ നിയമത്തിൽ ചേർത്തില്ല -കോടിയേരി ആരോപിച്ചു.       
പൊതുയോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദൻ, ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ തുടങ്ങിയവർ സംബന്ധിച്ചു. നേരത്തെ നഗരത്തിൽ പ്രകടനവും നടന്നു. രാവിലെ പയ്യാമ്പലത്തെ ചടയൻ സ്മാരകത്തിൽ പുഷ്പാർച്ചനയും നടന്നു.

 

Latest News