യുഎസിന്റെ ചാന്ദ്ര ദൗത്യം വിജയിച്ചത് ഏകാദശി നാളില്‍ വിക്ഷേപിച്ചതിനാലെന്ന് മുന്‍ ആര്‍എസ്എസ് നേതാവ്

പൂനെ- ചന്ദ്രനില്‍ പേടകമിറക്കാന്‍ 38 തവണ ശ്രമിച്ചു പരാജയപ്പെട്ട യുഎസ് 39ാം തവണ വിജയം കണ്ടത് ഏകാദശി നാളില്‍ പേടകം വിക്ഷേപിച്ചതിനാലാണെന്ന് മുന്‍ ആര്‍ എസ് എസ് നേതാവ് സംഭാജി ഭിഡെ. മഹാരാഷ്ട്രയി്ല്‍ ശിവ പ്രതിസ്ഥാന്‍ ഹിന്ദുസ്ഥാന്‍ എന്ന ഹിന്ദുത്വ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്ന ഭിഡെ 2018ല്‍ ഭീമകൊറഗാവില്‍ ദളിതര്‍ക്കെതിരെ കലാപമുണ്ടാക്കിയ കേസിലെ പ്രതിയുമാണ്. 

"38 തവണ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ ഒരു അമേരിക്കന്‍ ശാസ്ത്രജ്ഞനാണ് ഇന്ത്യയുടെ കാലഗണന രീതിയില്‍ വിക്ഷേപണം ക്രമീകരിക്കാന്‍ നിര്‍ദേശിച്ചത്. ഇന്ത്യന്‍ രീതി അവലംബിക്കാന്‍ അവര്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ ബഹിരാകാശ പേടകം ഏകാദശി നാളില്‍ വിക്ഷേപിച്ചതാണ് അവരുടെ ശ്രമം വിജയത്തിലെത്താന്‍ കാരണം"- ഭിഡെ പറഞ്ഞു.

ചാന്ദ്ര മാസ-കാലഗണനയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ ദിവസമാണ് ഏകാദശി. അമാവസിക്കും പൗര്‍ണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തില്‍ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികള്‍ ഒരു ചാന്ദ്ര മാസത്തില്‍ വരുന്നു. ഒരു വര്‍ഷത്തില്‍ സാധാരണ 24 ഏകാദശികള്‍ ഉണ്ടാകും, 25 എണ്ണവും ആകാം. ഹൈന്ദവ വിശ്വാസങ്ങളില്‍ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു. 

Latest News