Sorry, you need to enable JavaScript to visit this website.

വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സുരക്ഷിതമോ? സ്ഥിരീകരിച്ചിട്ടില്ലെന്ന് ഇസ്‌റോ

ബെംഗളൂരു- ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്ന റിപോര്‍ട്ട് സ്ഥിരീകരിക്കാതെ ഐ.എസ്.ആര്‍.ഒ. ഭൂമിയിലെ നിയന്ത്രണ കേന്ദ്രവുമായി സമ്പര്‍ക്കം നഷ്ടമായതിനു ശേഷം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ ലാന്‍ഡര്‍ കേടുപാടുകളില്ലാതെ കിടക്കുകയാണെന്നായിരുന്നു റിപോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെന്ന് ഇസ്‌റോ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്ത് വച്ച് ശനിയാഴ്ചയാണ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്. ചന്ദ്രയാന്‍-2വിന്റെ ഭാഗമായ ഇത് ചന്ദ്രോപരിതലത്തില്‍ ഇറങ്ങി ചരിത്രം സൃഷ്ടിക്കാനുള്ള പുറപ്പാടിലായിരുന്നു.

വിക്രം ലാന്‍ഡറിനെ കണ്ടെത്തിയെങ്കിലും അതുമായി ബന്ധം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനു സാധ്യത വിരളമാണെന്നാണ് സുചന. ലാന്‍ഡറിനുള്ളില്‍ നിന്നും ചന്ദ്രനിലിറക്കാന്‍ തയാറാക്കിയ പ്രഗ്യാന്‍ റോവറിന്റെ കാര്യവും അനിശ്ചിതത്വത്തിലാണ്. 14 ദിവസം മാത്രമാണ് റോവറിന്റെ കാലാവധി. ഇതിനകം ബന്ധം സ്ഥാപിച്ച് റോവറിനെ റീചാര്‍ജ് ചെയ്ത് പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. ബന്ധം സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ഇതു സാധ്യമാകുമോ എന്ന കാര്യം സംശയത്തിലാണ്.
 

Latest News