കുട്ടികളെ കൊണ്ട് നിലം തുടപ്പിക്കുന്നത് ഫോട്ടോ എടുത്ത മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

അസംഗഢ്- ഉത്തര്‍ പ്രദേശില്‍ കുട്ടികളെ കൊണ്ട് സ്‌കൂള്‍ അധികൃതര്‍ നിലം തുടപ്പിക്കുന്നത് ഫോട്ടോ എടുത്ത മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അസംഗഢ് ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌കൂള്‍ അധികൃതരുടെ നിയമവിരുദ്ധ നടപടി പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ പവന്‍ ജയ്‌സ്വാളിനെതിരെ പിടിച്ചുപറി, ഉദ്യോഗസ്ഥരെ കൃത്യനിര്‍വഹണത്തില്‍ നിന്ന് തടഞ്ഞു തുടങ്ങിയ വ്യാജ കുറ്റങ്ങള്‍ ചുമത്തി കേസെടുത്താണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ജില്ലാ കലക്ടറെ കണ്ട് പരാതിപ്പെട്ടു. മാധ്യമപ്രവര്‍ത്തകന് നീതി ഉറപ്പാക്കുമെന്നും സംഭവം പരിശോധിക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ എന്‍ പി സിങ് പറഞ്ഞു.

ഊദ്പൂര്‍ പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ നിലം തുടയ്ക്കുന്നത് ഫോട്ടോ എടുത്ത് സ്‌കൂള്‍ അധികൃതരുടെ നിയമവിരുദ്ധ നടപടി നേരിട്ടു കാണിക്കാന്‍ പോലീസിനെ വിളിച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ സന്തോഷ് ജയ്‌സ്വാളിനെ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ജയ്‌സ്വാള് അറിയിച്ചതിനെ തുടര്‍ന്ന് സ്‌കൂളിലെത്തിയ പോലീസ് ജയ്‌സ്വാളിനേയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാധെ ശ്യാം യാദവിനേയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഫുല്‍പൂര്‍ പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ ജയസ്വാളിനെതിരെ പരാതി നല്‍കുകയായിരുന്നു. ജയ്‌സ്വാള്‍ ഇടക്കിടെ സ്‌കൂളിലെത്തി അധ്യാപികമാരോട് ഉള്‍പ്പെടെ മോശമായി പെരുമാറുകയാണെന്നും തന്റെ പത്രത്തിന് വരിചേരാന്‍ ആവശ്യപ്പടാറുണ്ടെന്നുമാണ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്താണ് പോലീസ് ജയ്‌സ്വാളിനെ അറസ്റ്റ് ചെയ്തത്.

സ്‌കൂളിലെത്തിയ ജയ്‌സ്വാള്‍ ഏതാനും കുട്ടികളെ വിളിച്ചുകൂട്ടി അവര്‍ക്ക് മോപ്പ് നല്‍കി നിലം തുടക്കുന്ന രീതിയില്‍ നിര്‍ത്തി ഫോട്ടോ എടുക്കുകയായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ ആരോപിക്കുന്നു. ഇതിനെ എതിര്‍ത്തപ്പോള്‍ ജയ്‌സ്വാള്‍ അവിടെ നിന്നും പോകുകയും പണം ആവശ്യപ്പെടുകയും ചെയ്‌തെന്നും പ്രിന്‍സിപ്പല്‍ ആരോപിച്ചു.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് ജയ്‌സ്വാളിന്റെ സഹപ്രവര്‍ത്തകരായ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. പോലീസിന് ജയ്‌സ്വാളിനോട് ശത്രുതയുണ്ടെന്നും ഇതു പകവീട്ടലാണെന്നും വാര്‍ത്താ ഏജന്‍സി റിപോര്‍ട്ടറായ സുധിര്‍ സിങ് പറഞ്ഞു. നമ്പര്‍ പ്ലേറ്റില്ലാതെ, ചില്ലില്‍ ഇരുണ്ട സ്റ്റിക്കറൊട്ടിച്ച ഫുല്‍പൂര്‍ പോലീസ് എസ്.ഐയുടെ കാറിന്റെ ചിത്രം ജയ്‌സ്വാള്‍ മാസങ്ങള്‍ക്കു മുമ്പ് ട്വീറ്ററിലൂടെ പുറത്തു വിട്ടിരുന്നെന്നും ഇതാണ് പകയ്ക്കു കാരണമെന്നും അദ്ദേഹം പറയുന്നു. ഈ വാഹനം രജിസ്റ്റര്‍ ചെയ്തതാണെന്ന് വ്യക്തമാക്കി ഒരു നമ്പറും പോലീസ് പുറത്തു വിട്ടിരുന്നു. എന്നാല്‍ ഈ നമ്പര്‍ തന്റെ ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പറാണെന്ന് ചൂണ്ടിക്കാട്ടി ഒരു യുവാവ് രംഗത്തെത്തി. ഇതോടെ ഈ സംഭവത്തെ കുറിച്ച് ജയ്‌സ്വാള്‍ വാര്‍ത്ത എഴുതുകയും ചെയ്തിരുന്നു.
 

Latest News