Sorry, you need to enable JavaScript to visit this website.

മൂന്ന് പാര്‍ട്ടികളുടെ ദേശീയ  പദവി നഷ്ടപ്പെട്ടേക്കും 

ന്യൂദല്‍ഹി- മൂന്ന് പാര്‍ട്ടികളുടെ ദേശീയ പദവി നഷ്ടപ്പെടാന്‍ സാധ്യത. തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനമാണ് ഇവര്‍ക്ക് പ്രതിസന്ധിയായിരിക്കുന്നത്. സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി എന്നിവര്‍ക്കാണ് പ്രശ്‌നം. ഇവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. ഇവരുടെ ദേശീയ പദവി തിരിച്ചെടുക്കരുതെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താന്‍ പുതിയൊരവസരം കൂടി നല്‍കണമെന്നാണ് ആവശ്യം. 
അതേസമയം തങ്ങള്‍ പഴയ പാര്‍ട്ടികളാണെന്നും, ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്ഥാനം ഉണ്ടായിരുന്നുവെന്നും ഇവര്‍ കമ്മീഷനില്‍ അറിയിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം മാത്രം നോക്കി കാര്യങ്ങള്‍ തീരുമാനിക്കരുതെന്നാണ് ഇവരുടെ ആവശ്യം. ദേശീയ പദവി റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മൂന്ന് പാര്‍ട്ടികള്‍ക്കും നോട്ടീസ് അയച്ചിരുന്നു. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് പാര്‍ട്ടികളും മോശം പ്രകടനമാണ് നടത്തിയത്. മഹാരാഷ്ട്രയിലടക്കം എന്‍സിപിയും കേരളത്തിലടക്കം സിപിഐയ്ക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കുറയുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് ദേശീയ പാര്‍ട്ടിയായിരിക്കാന്‍ യോഗ്യതയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും പഴക്ക ചെന്ന പാര്‍ട്ടിയാണ് തങ്ങളെന്നാണ് സിപിഐ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷ പാര്‍ട്ടി തങ്ങളായിരുന്നുവെന്നും ഇവര്‍ പറയുന്നു. 2014ലാണ് തൃണമൂലിന് ദേശീയ പദവി കിട്ടിയതെന്നും, 2024 വരെ ഇത് തുടരണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്.


 

Latest News