മക്ക- അല്‍മുഅയ്‌സിം ഹറാജില്‍ വര്‍ക്ക്‌ഷോപ്പിലും ഗോഡൗണിലും തീ പടര്‍ന്നുപിടിച്ച് രണ്ടു പേര്‍ മരിച്ചു. സമീപത്തെ കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നു പിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. തുടര്‍ നടപടികള്‍ക്കായി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് നീക്കി.
അഗ്നിബാധയെ കുറിച്ച് രാവിലെ 7.04 ന് ആണ് സിവില്‍ ഡിഫന്‍സ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്ന് മക്ക സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ നായിഫ് അല്‍ശരീഫ് പറഞ്ഞു. മര ഉരുപ്പടികള്‍ നിര്‍മിക്കുന്ന വര്‍ക്ക് ഷോപ്പിലും സമീപത്ത് ഹജ് തമ്പുകളില്‍ ഉപയോഗിക്കുന്ന കട്ടിലുകളും ബെഡുകളും മറ്റും സൂക്ഷിച്ച ഗോഡൗണിലുമാണ് തീ പടര്‍ന്നുപിടിച്ചത്. വര്‍ക്ക്‌ഷോപ്പിന്റെ പിന്‍വശത്തെ മുറിയിലുണ്ടായിരുന്ന രണ്ടു തൊഴിലാളികളാണ് മരിച്ചത്. തീയണച്ച് പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് മുറിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ തൊഴിലാളികളെ കണ്ടെത്തിയതെന്നും മേജര്‍ നായിഫ് അല്‍ശരീഫ് പറഞ്ഞു.