Sorry, you need to enable JavaScript to visit this website.

കമല്‍ നാഥിനേയും പൂട്ടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; സിഖ് വിരുദ്ധ കലാപക്കേസ് പൊടിതട്ടിയെടുക്കുന്നു

ന്യൂദല്‍ഹി- കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി. ചിദംബരത്തെ കള്ളപ്പണക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് അകത്താക്കിയതിനു പിന്നാലെ മറ്റൊരു മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍ നാഥിനേയും നിയമക്കുരുക്കിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. 1984ലെ സിഖ് വിരുദ്ധ കലാപ കാലത്ത് കമല്‍ നാഥിനെതിരെ വന്ന ഒരു കേസ് വീണ്ടും അന്വേഷിക്കാനുള്ള പച്ചക്കൊടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിക്കഴിഞ്ഞു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസില്‍ ബന്ധു രതുല്‍ പുരിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് കമല്‍ നാഥിനെതിരായ കേന്ദ്ര തീരുമാനം വന്നിരിക്കുന്നത്. 

കമല്‍നാഥിനെതിരായ കേസ് വീണ്ടും അന്വേഷിക്കാനുള്ള തീരുമാനം സിഖ് വിശ്വാസികളുടെ വിജയമാണെന്ന് കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു. തീര്‍പ്പാക്കപ്പെട്ടുവെന്ന് തെറ്റായി ധരിക്കപ്പെട്ട കേസുകള്‍ വീണ്ടും അന്വേഷിക്കുന്നത് തങ്ങളുടെ നിരന്തര ശ്രമഫലമാണെന്നും അവര്‍ പറഞ്ഞു.

സിഖ് വിരുദ്ധ കാലപത്തില്‍ പങ്കുണ്ടെന്ന ആരോപണത്തെ കമല്‍ നാഥ് പല തവണ തള്ളിക്കളഞ്ഞിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായ കമല്‍ നാഥിന്റെ പേര് പ്രഖ്യാപിച്ചപ്പോഴും ഈ കേസിന്റെ കാര്യ ചൂണ്ടിക്കാട്ടി സംസ്ഥാനത്തും പഞ്ചാബിലും പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ സിഖ് അംഗരക്ഷര്‍ വെടിവച്ചുകൊലപ്പെടുത്തിയതിനു പിന്നാലെ 1984ല്‍ കമല്‍ നാഥ്, ജഗദീഷ് ടൈറ്റ്‌ലര്‍, സജ്ജന്‍ കുമാര്‍ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ട് കലാപമുണ്ടാക്കിയെന്നാണ് ആരോപണം. മധ്യ ദല്‍ഹിയിലെ റകബ്ഗഞ്ച് ഗുരുദ്വാരയ്ക്കു പുറത്ത് അതിക്രമം അഴിച്ചു വിട്ട ആള്‍ക്കൂട്ടെ നയിച്ചത് കമല്‍ നാഥാണെന്ന് നേരത്തെ ദൃക്‌സാക്ഷികള്‍ ആരോപിച്ചിരുന്നു. ഇവിടെ രണ്ടു സിഖുകാരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ സംഭവം അന്വേഷിച്ച നാനാവതി കമ്മീഷന്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കമല്‍ നാഥിനെ പ്രതിചേര്‍ക്കാതെ വിടുകയായിരുന്നു. സംഭവ സ്ഥലത്ത് കമല്‍ നാഥ് ഉണ്ടായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ടര്‍ സഞ്ജയ് സുരിയും മറ്റൊരാളും അന്വേഷണ കമ്മീഷന് മൊഴിനല്‍കിയിരുന്നു. എന്നാല്‍ പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ ശ്രമിക്കുയാണ് ചെയ്‌തെന്ന് കമല്‍ നാഥും പറഞ്ഞിരുന്നു.

കലാപവുമായി ബന്ധപ്പെട്ട ഒരു കേസില്‍ നേരത്തെ സജ്ജന്‍ കുമാറിനെ ശിക്ഷിച്ചിരുന്നു. ഈ കലാവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ വര്‍ഷം 88 പേരെ ദല്‍ഹി ഹൈക്കോടതി ശിക്ഷിച്ചിരുന്നു.
 

Latest News