Sorry, you need to enable JavaScript to visit this website.
Sunday , July   12, 2020
Sunday , July   12, 2020

സൂപ്പർ ടാക്‌സ് ഒഴിവാക്കൽ ഏശിയില്ല; സെൻസെക്‌സും നിഫ്റ്റിയും നഷ്ടത്തിൽ

വിദേശ ഫണ്ടുകൾ ഏഷ്യൻ മാർക്കറ്റിൽ വിൽപനയ്ക്ക് തന്നെയാണ് പിന്നിട്ട വാരവും ഉത്സാഹിച്ചത്. വിപണിയുടെ ഡെയ്‌ലി ചാർട്ടിൽ സാങ്കേതികമായി ബോംബെ സൂചികയും നിഫ്റ്റിയും ബിയറിഷ് മൂഡിലായതിനാൽ വിദേശ ഓപറേറ്റർമാർ  ബാധ്യതകൾ കുറക്കുകയാണ്. ബജറ്റിലെ സൂപ്പർ ടാക്‌സ് ധനമന്ത്രാലയം ഒഴിവാക്കിയതിനെ തുടർന്ന് സൂചികയിൽ അലയടിച്ച കുതിച്ചു ചാട്ടം താൽക്കാലികം മാത്രമായിരുന്നു. പോയവാരം സെൻസെക്‌സ് 351 പോയന്റും നിഫ്റ്റി 77 പോയന്റും നഷ്ടത്തിലാണ്.
മുഹറമായതിനാൽ ചെവാഴ്ച മാർക്കറ്റ് അവധിയായതിനാൽ ട്രേഡിങ് നാല് ദിവസങ്ങളിൽ ഒതുങ്ങും. പിന്നിട്ട വാരത്തിലും ഓഹരി വിപണിയിൽ ഇടപാടുകൾ നാല് ദിവസങ്ങളിൽ ചുരുങ്ങി. സാമ്പത്തിക രംഗത്ത പ്രതിസന്ധികൾക്ക് അയവ് വന്നാൽ മാത്രമേ ഓഹരി സൂചികയിൽ പുത്തൻ ഉണർവിന് അവസരം ഒരുങ്ങൂ. 
ഏഷ്യൻ രാജ്യങ്ങളില്ലൊം വിദേശ ഓപറേറ്റമാർ ബാധ്യതകൾ വിറ്റുമാറ്റാനുള്ള നീക്കം തുടരുന്നു. വിദേശ ഫണ്ടുകൾ ഇന്ത്യൻ ഓഹരിയിലും കടപത്രത്തിലുമായി 33,348 കോടി രൂപയുടെ വിൽപനയാണ് മൂന്ന് മാസത്തിൽ നടത്തിയത്. ഫിലിപ്പൈൻസ്, ഇന്തോനേഷ്യൻ വിപണികളിലും വിദേശ ഓപറേറ്റർമാർ വിൽപനക്കാരാണ്. യുഎസ് - ചൈന വ്യാപാര യുദ്ധമാണ് ഏഷ്യൻ മാർക്കറ്റുകളെ സമ്മർദത്തിലാക്കിയത്. ഏപ്രിൽ, ജൂൺ കാലയളവിൽ ഏതാണ്ട് 55 ശതമാനം ഏഷ്യൻ കമ്പനികൾക്കും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. 
വിദേശ ഫണ്ടുകളുടെ വിൽപനയിൽ ഫോറെക്‌സ് മാർക്കറ്റിൽ രൂപ തളർച്ചയിലാണ്. 71.73 ൽ നിന്ന് വിനിമയ നിരക്ക് 72.40 ലേയ്ക്ക് ഇടിഞ്ഞു. മൂല്യത്തകർച്ച തടയാൻ കേന്ദ്രം നടത്തിയ നീക്കങ്ങളെ തുടർന്ന് വാരാന്ത്യം രൂപ 71.62 ലാണ്. ഒരു മാസത്തിനിടയിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യത്തിൽ 3.9 ശതമാനം ഇടിവ്. 
വിനിമയ വിപണിയിലെ ഈ തകർച്ച കയറ്റുമതിക്ക് മുൻതൂക്കം നൽകുന്ന ഐടി, ഫാർമ കമ്പനികൾക്ക് നേട്ടമായി. ഐടി മേഖല ഓഗസ്റ്റിൽ 4.4 ശതമാനവും ഫാർമ വിഭാഗം 1.77 ശതമാനവും വളർന്നു. പിന്നിട്ട ഏതാനും ത്രൈമാസ പ്രവർത്തന ഫലങ്ങളിൽ ടെക്‌നോളജി മേഖലയുടെ വളർച്ചയ്ക്ക് രൂപയുടെ മൂല്യത്തകർച്ച നിർണായക പങ്ക് വഹിച്ചു. 
ഇതിനിടയിൽ ചൈയുടെ വിദേശ നാണയ കരുതൽ ശേഖരം ഉയർന്നുവെന്ന് ശനിയാഴ്ച ചൈനീസ് കേന്ദ്ര ബാങ്കിന്റെ വെളിപ്പെടുത്തൽ ആഗോള സാമ്പത്തിക മേഖലയിൽ ആശ്ചര്യമുളവാക്കി. അമേരിക്കയുമായുള്ള വ്യാപാര പ്രതിസന്ധികൾ മൂലം കരുതൽ ശേഖരം കുറയുമെന്ന നിഗമനത്തിലായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ കരുതൽ ധനം 3.5 ബില്യൺ ഡോളർ ഉയർന്ന് 3.1072 ട്രില്യൺ ഡോളറിലെത്തി. 
മുൻ നിരയിലെ പത്ത് കമ്പനികളിൽ ആറ് എണ്ണത്തിന്റെ വിപണി മൂല്യത്തിൽ പോയ വാരം 87,973.5 കോടി രൂപയുടെ ഇടിവ് സംഭവിച്ചു. ടിസിഎസും എച്ച്ഡിഎഫ്‌സി, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, എച്ച്‌ഐഎൽ, ഐടിസി, ഐസിഐസിഐ ബാങ്ക് എന്നിവയാണ് വിപണി മൂല്യം ഇടിഞ്ഞപ്പോൾ എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവക്ക് നേട്ടം. 
ബോംബെ സെൻസെക്‌സ് 37,188 പോയന്റിൽ നിന്ന് 36,400 റേഞ്ച് വരെ താഴ്ന്നു. എന്നാൽ വാരാന്ത്യം അൽപം മികവിൽ സെൻസെക്‌സ് 36,982 പോയന്റിലാണ്. ഈ വാരം ആദ്യ പ്രതിരോധമായ 37,310 ലേയ്ക്ക് ഉയരാനായില്ലെങ്കിൽ 36,531-36,080 ലേയ്ക്ക് പരീക്ഷണങ്ങൾ തുടരാം. അതേ സമയം ആദ്യ തടസ്സം തകർക്കാനായാൽ 37,638 ലേയ്ക്ക് ചുവടുവെക്കാമെങ്കിലും ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങുമെന്നത് ആവേശം കുറക്കാം. വിപണിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ് സെല്ലർമാർക്ക് അനുകൂലമാണ്. അതേ സമയം പാരാബോളിക് എസ് എ ആർ ബുള്ളിഷുമാണ്.  
പ്രതിദിന ചാർട്ടിൽ നിഫ്റ്റിയും സെല്ലിങ് മൂഡിലാണ്. സൂചിക ഉയർന്ന നിലവാരമായ 10,967 ൽ നിന്ന് 10,746 വരെ ഒരവസരത്തിൽ ഇടിഞ്ഞ ശേഷം ക്ലോസിങിൽ 10,946 പോയന്റിലാണ്. 
ഈ വാരം നിഫ്റ്റിക്ക് 11,026 ലും 11,107 ലും തടസ്സം നേരിടാം. വിൽപന സമ്മർദം ഉടലെടുത്താൽ 10,805 ലും 10,665 ലും താങ്ങ് പ്രതീക്ഷിക്കാം.


 

Latest News