Sorry, you need to enable JavaScript to visit this website.

ഓണ ലഹരിയിൽ ചരക്കുവരവ്  ചുരുങ്ങി; സ്വർണ വില കുറഞ്ഞു

കാർഷിക കേരളം ഓണം ലഹരിയിലായതോടെ ഉൽപാദന കേന്ദ്രങ്ങളിൽ നിന്നുളള ചരക്കുവരവ് വാരത്തിന്റെ രണ്ടാം പകുതിയോടെ ചുരുങ്ങി. ഇനി ഓണാഘോഷങ്ങൾക്ക് ശേഷമായിരിക്കും വ്യാപാര രംഗം ഉണരുക. പണത്തിന്റെ ആവശ്യം മുന്നിൽ കണ്ട് ചെറുകിട കർഷകർ വൻതോതിൽ ചരക്ക് ഇറക്കുമെന്നാണ് കയറ്റുമതി കേന്ദ്രങ്ങളും ഉത്തരേന്ത്യൻ വ്യാപാരികളും കണക്കൂകൂട്ടിയത്. എന്നാൽ ലഭ്യത കുറഞ്ഞെങ്കിലും വില ഉയർത്തി സ്റ്റേക്കിസ്റ്റുകളെ ആകർഷിക്കാൻ വാങ്ങലുകാർ തയാറായില്ല. 
അയൽ സംസ്ഥാനങ്ങളിലെ കൊപ്രയാട്ട് വ്യവസായികൾ കേരളത്തിലേയ്ക്ക് ഉയർന്ന അളവിൽ വെളിച്ചെണ്ണ കയറ്റുമതി നടത്തി. എണ്ണയുടെ ലഭ്യത ഉയർന്നതോടെ വില ഉയർത്താനുള്ള അവരുടെ നീക്കങ്ങൾക്ക് തിരിച്ചടി നേരിട്ടു. തിരുവോണം വരെ വില ഉയർത്തി നിർത്താൻ അണിയറ നീക്കം നടന്നു. തമിഴ്‌നാട് വിപണിയായ കങ്കയത്ത് വെളിച്ചെണ്ണ 13,350 ലും കൊപ്ര 9700 രൂപയിലുമാണ്. കൊച്ചിയിൽ എണ്ണ 14,900 ലും കൊപ്ര 9975 രൂപയിലുമാണ് വിൽപന നടന്നത്. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ ഓണം കഴിയുന്നതോടെ കൊപ്ര വില ഇടിയാം. എന്നാൽ വൻ തകർച്ചയ്ക്കുള്ള സാധ്യതയില്ല. 
രംഗത്ത് നിന്ന് വിട്ടു നിൽക്കുന്ന സംഭരണ ഏജൻസികൾ വീണ്ടും കർഷക രക്ഷയ്ക്ക് എത്തും. 9521 രൂപയാണ് കൊപ്രയുടെ താങ്ങ് വില. പാംഓയിൽ ഇറക്കുമതി ഡ്യൂട്ടി 45 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കി കേന്ദ്രം കഴിഞ്ഞ ദിവസം ഉയർത്തി. പുതിയ സാഹചര്യത്തിൽ ഇറക്കുമതി ചെലവ് ഉയരുന്നതിനൊത്ത് സോയ, സൂര്യകാന്തി എണ്ണകളും ചൂടുപിടിക്കുമെന്നത് വെളിച്ചെണ്ണക്കും നേട്ടമാവും. 
വിളവെടുപ്പ് പുരോഗമിച്ചതോടെ   ഹൈറേഞ്ചിൽ പുതിയ ഏലക്ക വരവ് ഉയർന്നു. ആഭ്യന്തര വിദേശ വാങ്ങലുകാരുടെ നിറഞ്ഞ സാന്നിധ്യത്തിൽ പല ലേലത്തിലും എത്തിയ ചരക്ക് പൂർണമായി വിറ്റു. ശനിയാഴ്ച മികച്ചയിനങ്ങൾ കിലോഗ്രാമിന് 3181 രൂപയിലാണ്. ക്രിസ്മസ് ന്യൂ ഇയർ ആവശ്യങ്ങൾക്ക് വേണ്ടി യൂറോപ്യൻ രാജ്യങ്ങൾ സജീവമാക്കുമെന്ന പ്രതീക്ഷയിലാണ് ഇടപാടുകാർ. 
ഉത്തരേന്ത്യ ഉത്സവ സീസണിന് ഒരുങ്ങുകയാണെങ്കിലും അവിടെ നിന്ന് കുരുമുളകിന് ഇനിയും ആവശ്യക്കാരില്ല. വിദേശ ചരക്ക് വൻതോതിൽ സ്റ്റോക്കുള്ളതാണ് ഡിമാന്റ് മങ്ങാൻ ഇടയാക്കിയത്. വിദേശ ഓർഡറുകളുടെ അഭാവം മൂലം കയറ്റുമതി സമൂഹം രംഗത്തില്ല. കൊച്ചിയിൽ അൺ ഗാർബിൾഡ് മുളക് 33,000 രൂപയിലാണ്.  
മുഖ്യ വിപണികളിൽ റബർ ഷീറ്റ് വരവ് ഉയർന്നില്ല. റബർ മരങ്ങളിൽ നിന്നുള്ള യീൽഡ് കുറഞ്ഞതിനാൽ ഷീറ്റ് ഉൽപാദനം മന്ദഗതിയിലാണ്. വാരാരംഭത്തിൽ 13,900 ൽ വ്യാപാരം നടന്ന നാലാം ഗ്രേഡ് പിന്നീട് 14,100 ലേയ്ക്ക് കയറി. വില ഉയർന്നെങ്കിലും കാര്യമായ കച്ചവടങ്ങൾ നടന്നില്ല. ചെറുകിട വ്യവസായികൾ അഞ്ചാം ഗ്രേഡ് 13,600 ന് ശേഖരിച്ചു. ഇതിനിടയിൽ ലാറ്റക്‌സ് ക്ഷാമം രൂക്ഷമായതോടെ വില 8800 ൽ നിന്ന് 10,000 രൂപയായി. പുലർച്ചെ നിലനിന്ന മഴ മൂലം പല ഭാഗങ്ങളിലും റബർ ടാപ്പിങിന് തടസ്സം നേരിട്ടു. രാജ്യാന്തര വിപണിയിൽ റബർ വിലയിൽ കാര്യമായ വ്യതിയാനമില്ല. ടോക്കോമിൽ കിലോ 157 യെന്നിലാണ്. അതേ സമയം ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ചരക്ക് 11,125 രൂപയിലാണ്. 
കേരളത്തിൽ സ്വർണ വില സർവകാല റെക്കോർഡിലേയ്ക്ക് ഉയർന്ന ശേഷം വാരാന്ത്യം തളർന്നു. 28,480 രൂപയിൽ വിൽപനയാരംഭിച്ച പവൻ ഒരവസരത്തിൽ 29,120 രൂപ വരെ ഉയർന്നു. വാരത്തിന്റെ രണ്ടാം പകുതിയിൽ രാജ്യാന്തര മാർക്കറ്റിൽ നിക്ഷേപകർ ലാഭമെടുപ്പിന് ഉത്സാഹിച്ചതോടെ ഇന്ത്യയിലും വില കുറഞ്ഞു. കേരളത്തിൽ ശനിയാഴ്ച്ച പവൻ 28,320 രൂപയിലാണ്. റെക്കോർഡ് വിലയിൽ നിന്ന് പവന് 800 രൂപ ഇടിഞ്ഞു. 
ന്യൂയോർക്കിൽ മഞ്ഞ ലോഹം 1519 ഡോളറിൽ നിന്ന് 1553 ഡോളർ വരെ ഉയർന്നു. എന്നാൽ തൊട്ട് മുൻവാരം രേഖപ്പെടുത്തിയ 1554 ഡോളറിലെ പ്രതിരോധം തകർക്കാൻ വിപണിക്കായില്ല. ഇതിനിടയിലാണ് ഓപറേറ്റർമാർ ലാഭമെടുപ്പ് ശക്തമാക്കിയതോടെ വില 1502 ഡോളറിലേയ്ക്ക് ഇടിഞ്ഞത്. ഈ വാരം 1500 ലെ നിർണായക താങ്ങ് നഷ്ടപ്പെട്ടാൽ 1475 ലേയ്ക്ക് സ്വർണം പരീക്ഷണം നടത്താം.

 

Latest News