Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്ക് ഈടില്ലാതെ  പത്തു ലക്ഷം രൂപ വരെ വായ്പ

നോർക്ക റൂട്ട്സ് മുഖേന നടപ്പിലാക്കിവരുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ്  പ്രകാരം പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈടില്ലാതെ നൽകാൻ ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. 
പദ്ധതി സംബന്ധിച്ച് നോർക്ക റൂട്സുമായി ബാങ്ക് ഓഫ് ഇന്ത്യ ധാരണാപത്രം ഒപ്പുവെച്ചു. 30 ലക്ഷം രൂപ വരെ ചെലവുള്ള പദ്ധതികൾക്ക് 15 ശതമാനം വരെ മൂലധന സബ്സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ) കൃത്യമായ തിരിച്ചടവിന് മൂന്ന് ശതമാനം പലിശ സബ്സിഡിയും നൽകി തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ കൈത്താങ്ങ് നൽകുന്ന പദ്ധതിയാണ് നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ്.
മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന  ചടങ്ങിൽ നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും ബാങ്ക് ഓഫ് ഇന്ത്യയുടെ കേരള മേഖല സോണൽ മാനേജർ വി. മഹേഷ് കുമാറും  മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ധാരണ  പത്രം കൈമാറി. നോർക്ക റൂട്ട്സ്  റസിഡൻസ് വൈസ് ചെയർമാൻ കെ. വരദരാജൻ, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ജോയന്റ് സെക്രട്ടറി കെ. ജനാർദ്ദനൻ, നോർക്ക റൂട്ട്സ് ജനറൽ മാനേജർ ഡി. ജഗദീശ്, ബാങ്ക് ഓഫ് ഇന്ത്യ  ഏരിയ മാനേജർ ജോർജ് വർഗീസ്,  സീനിയർ മാനേജർ ആർ. രാജേഷ് എന്നിവർ പങ്കെടുത്തു.
നിലവിൽ ഈട് വെയ്ക്കാൻ നിവൃത്തിയില്ലാതെ സംരംഭങ്ങൾ തുടങ്ങാൻ ബുദ്ധിമുട്ടുന്ന തിരികെയെത്തിയ പ്രവാസികൾക്ക് വലിയൊരാശ്വാസമാണ് ഈ പ്രഖ്യാപനം.  
ഇതു വഴി കൂടുതൽ പേരിലേക്ക് പദ്ധതിയുടെ പ്രയോജനം എത്തിക്കാൻ കഴിയും.

 

Latest News