അശോക് ലയ്‌ലന്‍ഡും പ്രതിസന്ധിയില്‍; വാഹന നിര്‍മാണം നിര്‍ത്തിവെക്കുന്നു

ചെന്നൈ- സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ആവശ്യക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞതോടെ ഉല്‍പ്പാദനത്തിന് അവധി നല്‍കാനൊരുങ്ങി മുന്‍നിര വാണിജ്യ വാഹന നിര്‍മ്മാതാക്കളായ അശോക് ലയ്‌ലന്‍ഡ്. കമ്പനിയുടെ അഞ്ചു ഫാക്ടറികളില്‍ അഞ്ചു ദിവസം മുതല്‍ 18 ദിവസം വരെയാണ് സെപ്തംബര്‍ മാസത്തില്‍ മാത്രം വാഹന നിര്‍മ്മാണം നിര്‍ത്തിവയ്ക്കുന്നത്. കാര്‍ കമ്പനികളെ സാരമായി ബാധിച്ച മാന്ദ്യം വാണിജ്യ വാഹന നിര്‍മാതാക്കളേയും ബാധിച്ചുവെന്ന് വ്യക്തമായ സൂചന നല്‍കുന്നതാണ് ഇത്.

പന്ത്‌നഗറിലെ പ്ലാന്റില്‍ ഈ മാസം 18 ദിവസം ഉല്‍പ്പാദനം നടക്കില്ലെന്ന് അശോക് ലയ്‌ലന്‍ഡ് അറിയിച്ചു. എണ്ണോറില്‍ 16 ദിവസവും ഹൊസൂറിലെ വിവിധ പ്ലാന്റുകളില്‍ അഞ്ചു ദിവസവും അല്‍വാറിലും ഭാന്ദ്രയിലും 10 ദിവസം വീതവുമാണ് ഉല്‍പ്പാദനം നിര്‍ത്തി വെക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഓഗസ്റ്റിലെ വില്‍പ്പനയില്‍ അശോക് ലയ്‌ലന്‍ഡ് വില്‍പ്പന 50 ശതമാനം ഇടിഞ്ഞിരുന്നു.
 

Latest News