ലഖ്‌നൗ-അസമിലെ മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ ഉത്തര്‍പ്രദേശിലെ അലഹബാദിലെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി വെച്ചാണ് മുന്‍ ഉദ്യോഗസ്ഥന്‍ ബിജന്‍ ദാസ്(55) തൂങ്ങിമരിച്ചത്.
രാജ്യത്തെ നിലവിലെ സാമ്പത്തികസ്ഥിതി ജീവിതം പ്രതിസന്ധിയിലാക്കിയതിനാലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിസംബോധന ചെയ്ത് എഴുതിയ അഞ്ച് പേജ് ആത്മഹത്യക്കുറിപ്പില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ ബിജന്‍ ദാസ് കുറ്റപ്പെടുത്തുന്നു.

ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക മാന്ദ്യത്തിനു കാരണം പി. ചിദംബരത്തിന്റെ നടപടികളാണെന്നും മോഡി സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്നും കത്തില്‍ പറയുന്നു. സെപ്റ്റംബര്‍ ആറിനാണ് ബിജന്‍ ദാസ് അലഹബാദ് ഹോട്ടലില്‍ മുറിയെടുത്തത്. ഞായറാഴ്ച ഇയാളെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ മുറി തുറന്ന് നടത്തിയ പരിശോധനയിലാണ് ബിജന്‍ ദാസിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പും ശവസംസ്‌കാരച്ചടങ്ങിനായി നീക്കിവെച്ച 1500 രൂപയും മുറിയുടെ വാടകയായി 500 രൂപയും ലഭിച്ചു. പണം എന്തിനൊക്കെ ഉപയോഗിക്കണമെന്ന നിര്‍ദേശങ്ങള്‍ കത്തിലുണ്ടായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം സംസ്‌കാരച്ചടങ്ങിന് കൂടുതല്‍ പണം നല്‍കാനാവില്ലെന്നും ബിജന്‍ ദാസ് സൂചിപ്പിച്ചിട്ടുണ്ട്. അഴിമതിയും ക്രമക്കേടും നിറഞ്ഞ ഭരണം കാരണം വിരമിച്ച ശേഷം തനിക്ക് ഉപജീവനത്തിന് മാര്‍ഗം കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് ആത്മഹത്യയുടെ വഴി സ്വീകരിച്ചതെന്ന് കത്തില്‍ പറയുന്നു.
തന്റെ ഇളയമകന് വേണ്ടി യാതൊന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും കത്തിലുണ്ട്. ഗായകനായി തീരണമെന്ന മകന്റെ മോഹം സഫലമാകാന്‍ പ്രധാനമന്ത്രി മോഡി സഹായിക്കണമെന്ന് കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അലഹബാദില്‍ തന്നെ സംസ്‌കരിക്കണമെന്നും ബന്ധുക്കളെ അറിയിക്കരുതെന്നുമാണ് ബിജന്‍ ദാസിന്റെ ആവശ്യം.






