ജറൂസലം-അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഇസ്രായില്‍ തെരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷനുകള്‍ നിരീക്ഷിക്കാന്‍ ക്യാമറകള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള കരട് നിയമനിര്‍മ്മാണത്തിന് പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹുവിന്റെ മന്ത്രിസഭ അംഗീകാരം നല്‍കി. അറബ് വോട്ടര്‍മാരെ ഭയപ്പെടുത്തുന്നതിനാണ് ഈ നീക്കമെന്ന് വിമര്‍ശകര്‍ ആരോപിച്ചു.
ഏപ്രിലില്‍ നടന്ന അപൂര്‍ണ തെരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയ നിലനില്‍പിനായി പൊരുതന്ന നെതന്യാഹു, വോട്ടിംഗിലെ തട്ടിപ്പാണ് അഞ്ചാം തവണയും തന്റെ അധികാരലബ്ധിക്ക് പ്രധാന തടസ്സമെന്നാണ് പ്രചരണത്തില്‍ ആരോപിച്ചത്. കടുത്ത പോരാട്ടം നടക്കുന്ന വോട്ടെടുപ്പില്‍ വിജയം തന്നില്‍നിന്ന് കവര്‍ന്നെടുത്തേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി ബോഡി ക്യാമറകള്‍ ഘടിപ്പിച്ച നിരീക്ഷകരെ നിരവധി പോളിംഗ് സ്‌റ്റേഷനുകളില്‍ നിയോഗിച്ചിരുന്നു. വോട്ടെടുപ്പ് ദിനങ്ങളില്‍ അറബ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനാണിതെന്നാണ് അറബ് രാഷ്ട്രീയ നേതാക്കള്‍ ആരോപിച്ചത്. മിക്ക പാര്‍ട്ടികളുടെയും പ്രതിനിധികള്‍ വോട്ടെടുപ്പിന് മുമ്പുള്ള തിരിച്ചറിയല്‍ പ്രക്രിയക്ക് സാക്ഷ്യം വഹിക്കാറുണ്ട്. തുടര്‍ന്ന് എന്‍വലപ്പ് ലഭിക്കുന്ന വോട്ടര്‍മാര്‍ സ്‌ക്രീനിന് പിറകില്‍ പോയി സ്വകാര്യമായി വോട്ട് രേഖപ്പെടുത്തുന്നു.
ഈ മാസം 17 ന് നടക്കുന്ന വോട്ടെടുപ്പിനു മുമ്പ് പുതിയ നിയമം പാര്‍ലമെന്റിന്റെ അംഗീകാരത്തിന് അയക്കുമെന്ന് നെതന്യാഹു പറഞ്ഞു. പോളിംഗ് ബൂത്തിനു പുറത്ത് നടക്കുന്ന തിരിച്ചറിയല്‍ പ്രക്രിയ സെല്ലുലാര്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിക്കുന്നതാണ് കരടു നിയമം.
പോളിംഗിന്റെ രഹസ്യ സ്വഭാവം സംരക്ഷിക്കപ്പെടുമെന്നും ബാക്കി കാര്യങ്ങളാണ് ക്യാമറയില്‍ പകര്‍ത്തുകയെന്നും കാബിനറ്റ് യോഗത്തില്‍ നെതന്യാഹു പറഞ്ഞു.
തട്ടിപ്പ് തടയുകയെന്നാണ് പുറമെ പറയുന്നതെങ്കിലും നെതന്യാഹുവിന്റെ യഥാര്‍ഥ ലക്ഷ്യം അറബ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണെന്ന് അറബ് ജോയിന്റ് ലിസ്റ്റ് പാര്‍ട്ടി നേതാവ് അയ്മാന്‍ ഒദേഹ് പറഞ്ഞു. ഫലപ്രഖ്യാപന ദിവസം താന്‍ പരാജയപ്പെടുകയാണെങ്കില്‍ അറബികള്‍ക്കുമേല്‍ ആരോപണം ഉന്നയിക്കാനുള്ള ഒരുക്കമാണ് നെതന്യാഹു നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കരടു ബില്‍ വംശീയമാണെന്നും ക്യാമറകള്‍ വിന്യസിക്കുന്നത് അറബ് വോട്ടര്‍മാരില്‍ ഭീതി ജനിപ്പിക്കുമെന്നും ലിക്കുഡ് പാര്‍ട്ടിക്കെതിരെ ഒപ്പത്തിനൊപ്പം പൊരുതുന്ന ബ്ലൂ ആന്റ് വൈറ്റ് പര്‍ട്ടി നേതാവ് യെയര്‍ ലാപിഡ് ആരോപിച്ചു.
ഇസ്രായില്‍ ജനസംഖ്യയുടെ 21 ശതമാനം വരുന്ന അറബികള്‍ പൊതുവെ നെതന്യാഹുവിന്റെ ലികുഡിന് വോട്ട് ചെയ്യാറില്ല. അവസാന നിമിഷം ക്യാമറകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം കുഴപ്പത്തിനു കാരണമാകാമെന്ന് ബില്ലിനെ എതിര്‍ത്ത കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി പറഞ്ഞു.
നിയമപരമായ വിഷയങ്ങളില്‍ മന്ത്രിസഭയെ ഉപദേശിക്കുന്ന അറ്റോര്‍ണി ജനറല്‍ അവിചായ് മണ്ടല്‍ബ്ലിറ്റും നിയമനിര്‍മ്മാണത്തിനെതിരെ രംഗത്തെത്തി. ഇത് വോട്ടര്‍മാരുടെ സ്വകാര്യത ഇല്ലാതാക്കുന്ന നിയമമാണെന്ന് അദ്ദേഹം പറഞ്ഞു.
മിക്ക പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലും പോളിംഗ് സ്റ്റേഷനുകളില്‍ ക്യാമറ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്.