ദിലീപിന്‍റെ മാനേജര്‍ ഒളിവില്‍; അഭിഭാഷകനെ ചോദ്യം ചെയ്യുമെന്ന് സൂചന

കൊച്ചി- നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം പരാജയം. അപ്പുണ്ണി ഒളിവില്‍ പോയെന്നാണ് സൂചന. അപ്പുണ്ണിയുടെ മൊബൈല്‍ നമ്പറുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ അപ്പുണ്ണിക്ക് പങ്കുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് സൂചിപ്പിച്ചിരുന്നു.
അതിനിടെ, മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് സൂചന നല്‍കി. പള്‍സര്‍ സുനിക്ക് അഭിഭാഷകനെ നിര്‍ദേശിച്ചത് ദിലീപാണെന്നാണ് പോലീസിന്റെ നിഗമനം. ഇക്കാര്യം ചോദ്യം ചെയ്യലില്‍ ദിലീപ് സമ്മതിച്ചിട്ടില്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പള്‍സര്‍ സുനി അഭിഭാഷകനെ ഏല്‍പിച്ചിരുന്നു. അഭിഭാഷകന്റെ അറസ്റ്റ് തടയാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest News