മുസ്‌ലിം വിരുദ്ധ ചോദ്യക്കടലാസ്  കണ്ട് എം.കെ  സ്റ്റാലിന്‍ ഞെട്ടി

ചെന്നൈ- ജാതിയും മതവും അടിസ്ഥാനമാക്കി ചോദ്യപേപ്പര്‍ തയ്യാറാക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. സിബിഎസ്ഇ ചോദ്യപേപ്പര്‍ കണ്ടു ഞെട്ടിപ്പോയി എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് പരീക്ഷയിലാണ് ജാതിയും മതവും ആധാരമാക്കി ചോദ്യങ്ങള്‍ തയ്യാറാക്കിയത്.
മുസ്‌ലീങ്ങളെ കുറിച്ചുള്ള പൊതുധാരണ എന്തെല്ലാമെന്നുള്ള എന്ന ചോദ്യത്തിനു മുസ്‌ലീങ്ങള്‍ അവരുടെ പെണ്‍കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കില്ല, അവര്‍ സസ്യാഹാരികളാണ്, റംസാന്‍ നാളില്‍ അവര്‍ ഉറങ്ങില്ല എന്നിങ്ങനെയാണ് ഓപ്ഷന്‍ നല്‍കിയത്. 
'ജാതി വിവേചനവും സാമുദായിക വിഭജനവും പ്രചരിപ്പിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസിലെ ചോദ്യപ്പേപ്പര്‍ കണ്ടു ഞെട്ടിപ്പോയി. ഈ ചോദ്യപേപ്പര്‍ തയ്യാറാക്കിയവര്‍ക്കെതിരെ ഉചിതമായ നിയമ നടപടി എടുക്കണം' സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. അംബേദ്ക്കര്‍ ഏതു സോഷ്യല്‍ ക്ലാസിലാണ് ഉള്‍പ്പെട്ടത്, ദളിത് എന്നാല്‍ എന്താണ്, ദളിതിനെ സര്‍ക്കാര്‍ എങ്ങനെയാണ് പരാമര്‍ശിക്കുന്നത്, മുസ്ലിങ്ങളെ കുറിച്ചുള്ള പൊതുധാരണ എന്താണ് തുടങ്ങിയ ചോദ്യങ്ങളായിരുന്നു ചോദ്യപേപ്പറില്‍ ഉണ്ടായിരുന്നത്.
ദളിത് എന്നാല്‍ എന്താണ് എന്നതിന് ഓപ്ഷനുകളായി വിദേശികള്‍, തൊട്ടുകൂടാത്തവര്‍, മിഡില്‍ ക്ലാസ്, അപ്പര്‍ ക്ലാസ് എന്നിങ്ങനെയാണ് നല്‍കിയത്. കൃത്യമായ ജാതിയും വര്‍ഗീയതയുമാണ് ചോദ്യപ്പേപ്പറിലുള്ളതെന്നും ഇത്തരം പ്രവണതകള്‍ ഞെട്ടിക്കുന്നതാണെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയവരെ കണ്ടെത്തുകയും നിയമപരമായി അവര്‍ക്കെതിരെ നടപടിയെടുക്കുകയും വേണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

Latest News