Sorry, you need to enable JavaScript to visit this website.

കോൺട്രാക്ടർ ജോസഫിന്റെ ദുരൂഹമരണം:  ആസൂത്രിത കൊലയെന്ന് കോൺഗ്രസ് നേതാവ്

കണ്ണൂർ- ചെറുപുഴയിലെ കരാറുകാരൻ മുതുപാറകുന്നേൽ ജോസഫിന്റെ ദുരൂഹ മരണം കൂടുതൽ വിവാദത്തിലേക്ക്. ജോസഫിനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രംഗത്തെത്തി. കെ.കരുണാകരൻ സ്മാരക ട്രസ്റ്റ് മുൻ ചെയർമാനും ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജെയിംസ് പന്തമാക്കലാണ് രംഗത്തു വന്നത്. അതിനിടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘം, ജോസഫിന്റെ ബന്ധുക്കളിൽനിന്നും മൊഴിയെടുത്തു.
ചെറുപുഴ കെ.കരുണാകരൻ സ്മാരക അശുപത്രിയുടെ ടെറസിലാണ് ജോസഫിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകളിലെയും മറ്റും ഞരമ്പുകൾ മുറിച്ച നിലയിലായിരുന്നു. ഈ ആശുപത്രി കെട്ടിടം നിർമിച്ച വകയിൽ ജോസഫിന് ഒരു കോടിയിലധികം രൂപ ലഭിക്കാനുണ്ടായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കാനായി പോയ ജോസഫ് തിരികെ വരാത്തതിനെത്തുടർന്ന് സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടത്. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ തളിപ്പറമ്പ് ഡിവൈ.എസ്.പി. രത്‌നകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തി വരുന്നതിനിടെയാണ് വിവാദ വെളിപ്പെടുത്തലുകളുമായി ട്രസ്റ്റിന്റെ മുൻ ചെയർമാൻ തന്നെ രംഗത്തു വന്നത്. ട്രസ്റ്റ്, കെട്ടിടം നിർമിച്ച വകയിൽ 1.40 കോടിയോളം രൂപ ജെയിംസിന് നൽകാനുണ്ടായിരുന്നുവെന്നും ഇതേക്കുറിച്ച് സംസാരിക്കാൻ പോയ ജെയിംസ് ട്രസ്റ്റ് അധികൃതരെ സമ്മർദത്തിലാക്കാൻ കൈ ഞരമ്പ് മുറിച്ചിരിക്കാമെന്നും പിന്നീട് അവശനായ ജെയിംസിനെ കെട്ടിടത്തിന്റെ ടെറസിൽ കൊണ്ടുപോയി രണ്ടു കൈയുടെ ഞരമ്പുകളും വരിക്കോസ് വെയിൻ ബാധിച്ച കാൽ ഞരമ്പുകളും അതേ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചിരിക്കാമെന്നുമാണ് സംശയിക്കുന്നതെന്ന് ജെയിംസ് പന്തമാക്കൽ ആരോപിക്കുന്നു. വെളിച്ചം തീരെയില്ലാത്ത ഒരു സ്ഥലത്ത് വെച്ച് ഒരാൾക്ക് ഇത്ര കൃത്യമായി കൈ കാൽ ഞരമ്പുകൾ മുറിക്കാനാവില്ലെന്നും ജെയിംസ് പന്തമാക്കൽ പറയുന്നു. സംഭവത്തിൽ മലയോര മേഖലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് തന്നെ ആരോപണവുമായി രംഗത്തെത്തിയത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ജോസഫിന്റെ സഹോദരൻ മാർട്ടിന്റെ പരാതിയിൽ 8 പേർക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തിട്ടുള്ളത്. ഇവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അതിനിടെ ജോസഫിന്റെ മൊബൈൽ ഫോൺ വിശദാംശങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ആരുമായാണ് അവസാനം സംസാരിച്ചത് എന്നിവയടക്കം ശേഖരിച്ചു.
 

Latest News